Advertisment

കോട്ടയത്ത് മന്ത്രി വി.എന്‍ വാസവന്‍റെ സ്വന്തം ബൂത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിന്നിലായത് 275 വോട്ടുകള്‍ക്ക്. ചാണ്ടി ഉമ്മന്‍റെ ബൂത്തില്‍ വോട്ടു പിടിച്ചു ചാഴികാടനും തുഷാറും. സ്വന്തം ബൂത്തില്‍ 57 വോട്ടുകള്‍ക്ക് ചാഴികാടന്‍ പിന്നില്‍. ജോസ് കെ. മാണി വോട്ട് ചെയ്ത ബൂത്തില്‍ ലീഡ് ചാഴികാടന്. മോന്‍സിന്റെയും മാണി സി കാപ്പന്‍റെയും ബൂത്തുകളിലും യുഡിഎഫ് ലീഡ്

New Update
vn vasavan thomas chazhikadan jose k mani chendy oommen

 കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം ബൂത്തിലും സ്ഥാനാര്‍ഥിയെ മുന്നില്‍ കൊണ്ടുവരാന്‍ കഴിയാതെ മന്ത്രി വി.എന്‍. വാസവന്‍. ചാണ്ടി ഉമ്മന്‍ വോട്ടു ചെയ്ത ബൂത്തില്‍ വോട്ടു പിടിച്ചു ചാഴികാടനും തുഷാറും. വി.എന്‍. വാസവന്‍ വോട്ടു ചെയ്ത പാമ്പാടി എം.ജി.എം എച്ച്.എസ്.എസ് 102 -ാം നമ്പര്‍ ബൂത്തില്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ്  417 വോട്ടു നേടിയപ്പോള്‍ ചാഴികാടന് 142 വോട്ട് നേടാനെ സാധിച്ചുള്ളൂ. ഇവിടെ 275 വോട്ടുകള്‍ക്കാണ് ചാഴികാടന്‍ പിന്നില്‍ പോയത്.

Advertisment

കഴിഞ്ഞ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇവിടെ ചാണ്ടി ഉമ്മന്‍ 471 വോട്ടുകള്‍ നേടിയിരുന്നു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജെയ്ക്ക് സി. തോമസ് 230 വോട്ടും നേടി. അതിലും 88 വോട്ടുകള്‍ കുറവാണ് ചാഴികാടന്.


 

എന്നാല്‍, മാസങ്ങൾക്കിപ്പുറം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ വോട്ടു നില വീണ്ടും താഴേയ്ക്കു പോകുന്ന കാഴ്ചയാണു കാണാനായത്. കോട്ടയം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോള്‍ തന്നെ മന്ത്രി വാസവന്‍ പത്തനംതിട്ടയില്‍ പ്രചാരണത്തിനു പോയതിനെ തുടര്‍ന്നു കോട്ടയത്തെ സി.പി.എം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആളില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. 

വാസവന്‍ വോട്ടു ചെയ്ത ബൂത്തിലടക്കം വോട്ട് കുറഞ്ഞതോടെ തെരഞ്ഞെടുപ്പില്‍ സി.പി.എം കാര്യമായി പ്രവര്‍ത്തിച്ചില്ലെന്ന ആക്ഷേപം ഉയരാന്‍ കാരണമായി. വാസവന്‍ മാറി നിന്നതോടെ പരമ്പരാഗതമായി സി.പി.എമ്മിന് കിട്ടിയിരുന്ന എസ്.എന്‍.ഡി.പി. സമുദായവോട്ടുകള്‍ തുഷാറിന് ലഭിച്ചെന്നാണ് ആക്ഷേപം. 


അതേ സമയം പരമ്പരാഗത യു.ഡി.എഫ് ബൂത്തായ ചാണ്ടി ഉമ്മന്‍ എം.എല്‍.എ വോട്ട് ചെയ്ത പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ 125ാം ബൂത്തില്‍ ചാഴികാടന്‍ പിടിച്ചതയ് 250 വോട്ടുകളാണ്. തുഷാര്‍ 153 വോട്ടും നേടി. ഫ്രാന്‍സിസ് ജോര്‍ജിനു ലഭിച്ചതാകട്ടെ 310 വോട്ടുകൾ മാത്രം. ഉമ്മന്‍ ചാണ്ടി വോട്ട് ചെയ്തിരുന്ന മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു വോട്ടു കുറഞ്ഞത് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. മന്ത്രി വാസവന്‍റെ ബൂത്തില്‍ ഫ്രാന്‍സിസ് ജോര്‍ജിന് ലഭിച്ച നേട്ടം പോലും ചാണ്ടി ഉമ്മന്‍റെ ബൂത്തില്‍ കിട്ടിയില്ലെന്നാണ് ആരോപണം. 


പുതുപ്പള്ളി എം.എല്‍.എകൂടിയായ ചാണ്ടി ഉമ്മന്‍ മണ്ഡലത്തില്‍ രണ്ടു ജോഡോ യാത്രകളടക്കം നടത്തിയിട്ടും സ്വന്തം ബൂത്തില്‍ പോലും വോട്ടു കുറഞ്ഞതു ചാണ്ടി ഉമ്മനും ക്ഷീണമാണ്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തിലും യു.ഡി.എഫിനാണു ലീഡെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷമാണു നേടാനായത്. 


അതേസമയം കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി വോട്ട് ചെയ്ത പാലാ സെന്റ് തേമസ് സ്‌കൂളിലെ 128ാം നമ്പര്‍ ബൂത്തില്‍ തോമസ് ചാഴികാടനാണു ലീഡ് ലഭിച്ചത്. ചാഴികടന് ഇവിടെ 343 വോട്ട് ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സിസ് ജോര്‍ജ് 329 വോട്ടും നേടി. തുഷാറിന് ഇവിടെ 91 വോട്ടേ ലഭിച്ചുള്ളൂ. 


മാണി സി കാപ്പന്‍ എം.എല്‍.എ വോട്ടു ചെയ്ത കാനാട്ടുപാറ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിലെ 119 -ാം നമ്പര്‍ ബൂത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് 361 വോട്ടും ചാഴികാടന്‍ 239 വോട്ടും നേടി.

മോന്‍സ് ജോസഫ് എം.എല്‍.എ വോട്ടു ചെയ്ത പൂഴിക്കോല്‍ സെന്റ്  മാര്‍ത്തോസ് യു.പി. സ്‌കൂളിലെ 18ാം നമ്പര്‍ ബൂത്തില്‍ ഫ്രാന്‍സിസ് ജോര്‍ജിന് 300 വോട്ടു ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ചാഴികാടന് 144 വോട്ടേ നേടാന്‍ സാധിച്ചുള്ളൂ. ഇവിടെ തുഷാര്‍ 99 വോട്ടു നേടുകയും ചെയ്തു.


ചാഴികാടന്റെ സ്വന്തം ബൂത്തായ നഗരസഭയിലെ 24ാം നമ്പര്‍ ബൂത്തില്‍ അദ്ദേഹത്തിന് ലഭിച്ചത് 188 വോട്ടാണ്. ഇവിടെ ഫ്രാന്‍സിസ് ജോര്‍ജ് 245 വോട്ടും തുഷാര്‍ 100 വോട്ടും നേടി. ഇവിടെ 57 വോട്ടുകള്‍ക്ക് ചാഴികാടന്‍ പിന്നിലായി.


 ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ വാര്‍ഡിലെ 121,122 ബൂത്തുകളില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കാണു ലീഡ്. 191- 361 വീതം വോട്ടുകള്‍ തുഷാര്‍ നേടിയപ്പോള്‍ ഫ്രാന്‍സിസിന് 154 -192 വീതം വോട്ടുകളെ ലഭിച്ചുള്ളൂ.

Advertisment