കോട്ടയം: നവകേരള സദസിന്റെ സമയത്ത് സഭാ സ്ഥാപനങ്ങളുടെ സൗഹൃദ സമീപനം കിട്ടിയതു തുടരുമെന്ന ഇടതുമുന്നണിയുടെ പ്രത്യാശകള്‍ തകര്‍ന്നു. ക്രൈസ്തവ സമുദായങ്ങള്‍ക്കു ശക്തിയുള്ള നിയമസഭാ മണ്ഡലങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോമസ് ചാഴികാടനെ കൈവിടുകയായിരുന്നു.
തോമസ് ചാഴികാടന്റെ സ്വന്തം സമുദായമായ ക്‌നാനായ കത്തോലിക്ക സഭയിലെ വോട്ടുകളും ഇക്കുറി ചാഴികാടന് ലഭിച്ചില്ല. കോട്ടയം, ഏറ്റുമാനൂര്‍, കടുത്തുരുത്തി, പിറവം എന്നിവിടങ്ങളിലെ നിര്‍ണായക വിഭാഗമാണു ക്‌നാനായ സമുദായം.
എല്ലാ തെരഞ്ഞെടുപ്പുകളിലും ശക്തമായി ചാഴികാടനൊപ്പം നിന്ന ക്‌നാനായ സമുദായ വോട്ടുകള്‍ ഇത്തവണ കൂട്ടത്തോടെ നഷ്ടപ്പെട്ടതോടെ മേഖലയില്‍ ചാഴികാടനു വോട്ടു കുറഞ്ഞു. ക്‌നാനായ ശക്തികേന്ദ്രമായ ഏറ്റുമാനൂരില്‍ തോമസ് ചാഴികാടന്‍ 9610 വോട്ടിനാണ് പിന്നല്‍ പോയത്. പിറവത്തും കടുത്തുരുത്തിയിലും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ചാഴികാടനു സാധിച്ചില്ലെന്നു മാത്രമല്ല, രണ്ടിടത്തും പിന്നിലായിരുന്നു.
തെരഞ്ഞെടുപ്പിനു മുന്‍പ് ഇടതുമുന്നണിക്കാണു പിന്തുണയെന്നു യാക്കോബായ സഭ വ്യക്തമാക്കിയിരുന്നു. സമദൂരനയമാണ് ഓര്‍ത്തഡോക്‌സ് സഭ പറഞ്ഞത്. പക്ഷേ, ഇരുവിഭാഗങ്ങളുടെയും ശക്തികേന്ദ്രമായ പുതുപ്പള്ളി ചാഴികാടനെ കൈവിടുകയും ഫ്രാന്‍സിസ് ജോര്‍ജിന് 27103 വോട്ടിന്റെ ഉയർന്ന ഭൂരിപക്ഷം സമ്മാനിക്കുകയും ചെയ്തു.
പുതുപ്പള്ളിയില്‍ 31974 വോട്ട് നേടാനെ ചാഴികാടന് സാധിച്ചുള്ളൂ. ഓര്‍ത്തഡോക്‌സ് സഭ പൂര്‍ണമായും ചാഴികാടനെ കൈവിട്ടതായാണു ബൂത്തുതല കണക്കുകള്‍ വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് സഭ പ്രത്യേക ആഹ്വാനം നല്‍കിയില്ലെങ്കിലും വോട്ട് ചെയ്യുമ്പോള്‍ സഭയുടെ മുന്‍കാല അനുഭവവും സുസ്ഥിരഭാവിയും കണക്കിലെടുക്കണമെന്നും സ്ഥാനാര്‍ഥികളും കക്ഷികളും മുന്‍കാലങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ വോട്ടര്‍ക്കു പരിഗണിക്കാമെന്ന സൂചന ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം നല്‍കിയിരുന്നു.
കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ പുതുപ്പള്ളി, കോട്ടയം, പിറവം മണ്ഡലങ്ങളിലാണ് ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ക്ക് ഗണ്യമായ സ്വാധീനമുള്ളത്. കത്തോലിക്ക സഭയ്ക്ക് നിർണായക സ്വാധീനമുള്ള പാലായും ഫ്രാൻസിസ് ജോർജിനെ പിന്തുണയ്ക്കുകയായിരുന്നു.