Advertisment

വര്‍ക്കിംങ്ങ് കമ്മറ്റിയംഗം രമേശ് ചെന്നിത്തല രണ്ടു വട്ടം വിജയിച്ച ഹരിപ്പാട് ഇത്തവണ കെസി വേണുഗോപാലിന്‍റെ ലീഡ് 1345 മാത്രം. തൊട്ടു പിന്നില്‍ ബിജെപി. കോണ്‍ഗ്രസ് വോട്ടുകളിലുണ്ടായത് വമ്പന്‍ ചോര്‍ച്ച. പ്രചാരണ രംഗത്തുണ്ടായ ആലസ്യത്തിന് ആലപ്പുഴ ഡിസിസിയും ഹരിപ്പാട്ടെ ബ്ലോക്ക് കമ്മറ്റികളും മറുപടി പറയേണ്ടി വരും !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
ramesh chennithala kc venugopal

കോട്ടയം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കർമ്മമണ്ഡലമായ ഹരിപ്പാട് നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിനെ കാലുവാരിയോ ? ലോകസഭാ തിരഞ്ഞെടുപ്പിൻെറ വോട്ട് കണക്ക് പുറത്തുവന്നപ്പോൾ മുതൽ കോൺഗ്രസ് നേതാക്കൾക്കിടയിലെ ചർ‍ച്ച ഇതുതന്നെ.

Advertisment

ചെന്നിത്തല 13 വർഷമായി പ്രതിനിധീകരിക്കുന്ന ഹരിപ്പാട് കെ.സി.വേണുഗോപാലിന് ലഭിച്ച ഭൂരിപക്ഷം വെറും 1345 വോട്ട് മാത്രമാണ്. ഇതാണ് കെ.സി വേണുഗോപാലിനെ കാലുവാരാൻ ചെന്നിത്തലയും അദ്ദേഹത്തിൻെറ ഗ്രൂപ്പും ശ്രമിച്ചോയെന്ന സംശയം ഉയരാൻ കാരണം.


ഹരിപ്പാട് നിയമസഭാ മണ്ഡലത്തിലെ 182 ബൂത്തുകളിൽ 89 ബൂത്തിലും ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനാണ് ലീഡ് ചെയ്തത്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ കരുത്തിലാണ് കെ.സി.വേണുഗോപാൽ കഷ്ടിച്ച് 1345 വോട്ടിൻെറ ഭൂരിപക്ഷം നേടിയത്. തൊട്ടുപിന്നില്‍ രണ്ടാമതെത്തിയത് ശോഭാ സുരേന്ദ്രനും. ഈ പഞ്ചായത്തുകൾ തുണച്ചില്ലായിരുന്നുവെങ്കിൽ കെ.സി.വേണുഗോപാൽ ഹരിപ്പാട് ബി.ജെ.പിക്ക് പിന്നിൽ ആകുമായിരുന്നു. കോൺഗ്രസിന് ഏറ്റവും കൂടുതൽ ലീഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഹരിപ്പാട് മണ്ഡലത്തിൽ 500ഓളം വോട്ടുകൾക്ക് ശോഭാ സുരേന്ദ്രനായിരുന്നു മുന്നിൽ. 


നായർ ഭൂരിപക്ഷ മേഖലയാണ് ഹരിപ്പാട് മുൻസിപ്പാലിറ്റി. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രമേശ് ചെന്നിത്തലയ്ക്ക് വൻഭൂരിപക്ഷം നേടിക്കൊടുക്കുന്ന മേഖലയാണിത്. എന്നിട്ടും ഈ പ്രദേശത്ത് കെ.സി.വേണുഗോപാൽ പിന്നിൽ പോയി.

രമേശ് ചെന്നിത്തലയ്ക്ക് വോട്ടുളള ബൂത്തിലും കെ.സി.വേണുഗോപാൽ പിന്നിലാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ ബി. ബാബുപ്രസാദിൻെറ പഞ്ചായത്തായ മുതുകുളത്തും ബി.ജെ.പിക്കാണ് ലീഡ്.

എന്നാൽ ഹരിപ്പാട് മണ്ഡലത്തിലെ വോട്ടറായ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജുവിൻെറ ബൂത്തിൽ 20 വോട്ടുകൾക്ക് കെ.സി.വേണുഗോപാൽ ലീഡ് ചെയ്തു. ഹരിപ്പാട് മുൻസിപ്പാലിറ്റിയോട് ചേർന്നാണ് എം.ലിജു താമസിക്കുന്നതെങ്കിലും ആ പ്രദേശം ചെറുതന പഞ്ചായത്തിലാണ്.

വ്യാപകമായ വോട്ട് ചോർച്ച ദൃശ്യമായതോടെയാണ് കെ.സി.വേണുഗോപാലിൻെറ ഭൂരിപക്ഷം കുറയാനും ബി.ജെ.പിയുടെ മുന്നേറ്റത്തിനും കാരണം ആയതെന്ന സംശയം കോൺഗ്രസിൽ ശക്തമാകാൻ കാരണം.


എന്നാൽ രമേശ് ചെന്നിത്തലക്ക് ഒപ്പമുളളവ‍ർ ഈ സംശയം തളളുകയാണ്. ഹരിപ്പാട് നിയമസഭാ മണ്ഡലത്തിൽ വോട്ട് കുറഞ്ഞതിൽ കാലുവാരൽ നടന്നിട്ടില്ല എന്നാണ് അവർ പറയുന്നത്. ഏറ്റവും ആത്മാർത്ഥമായ പ്രവർത്തനമാണ് കെ.സി.വേണുഗോപാലിന് വേണ്ടി ഹരിപ്പാട് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്നത്.


കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വേണ്ടി പണം സമാഹരിച്ച് നൽകിയതിന് പുറമേ ഹരിപ്പാട് സ്വന്തം നിലയിലും രമേശ് ചെന്നിത്തല പണം ചെലവഴിച്ചുവെന്ന് അദ്ദേഹത്തോടൊപ്പമുളള നേതാക്കൾ പറയുന്നു. സ്വന്തം തട്ടകത്തിൽ ഇത്തരത്തിൽ തിരിച്ചടി നേരിട്ടതിൽ രമേശ് ചെന്നിത്തലയും വലിയ പ്രയാസത്തിലാണ്.

സമീപകാല തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ  ചെന്നിത്തലയുടെ തട്ടകമായ ഹരിപ്പാട് കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. മുൻ ലോകസഭാ- നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ട് നേട്ടത്തിൻെറ പരിസരത്ത് പോലും ഇത്തവണ എത്താനായിട്ടില്ല. ഇത് രമേശ് ചെന്നിത്തലയേയും അസ്വസ്ഥനാക്കുന്നുണ്ട്.

ഹരിപ്പാട്ടെ പ്രചാരണ രംഗത്തും വലിയ പാളിച്ചകളുണ്ടായിരുന്നു. മണ്ഡല പര്യടനത്തിനായി കെ.സി. വേണുഗോപാലിനെ മണ്ഡലത്തിലേക്ക് സ്വീകരിക്കുന്നതിനായി ക്രമീകരിച്ച റോഡ് ഷോയിൽ 150 ബൈക്കുകൾ അണി നിരത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ മണ്ഡലാതിർത്തിയായ കന്നുകാലിപ്പാലത്തിൽ നിന്ന് റോഡ് ഷോ തുടങ്ങുമ്പോൾ വിരലിൽ എണ്ണാവുന്ന ബൈക്കുകൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.

പോസ്റ്ററുകൾ ഒട്ടിക്കുന്നതില്‍പോലും വൻ വീഴ്ചയുണ്ടായി. ഹരിപ്പാടും ആറാട്ടുപുഴയിലും ഒട്ടിക്കാൻ വിതരണം ചെയ്ത പോസ്റ്ററുകൾ ഓഫീസിൽ തന്നെ കിടക്കുന്നതിൻെറ ദൃശ്യങ്ങൾ പ്രചരണ ഘട്ടത്തിൽ കോൺഗ്രസ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ നേതാക്കൾ ഇടപെട്ടാണ് പോസ്റ്ററുകൾ ഒട്ടിപ്പിച്ചത്. ഇതൊക്കെയാണ് കെ.സി വേണുഗോപാലിനെ വീഴ്ത്താൻ ശ്രമം നടന്നോയെന്ന സംശയം ശക്തമാകാൻ കാരണം. 

ആലപ്പുഴ തിരിച്ചുപിടിക്കാൻ കെ.സി.വേണുഗോപാൽ തന്നെ മണ്ഡലത്തിൽ  മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ചത് രമേശ് ചെന്നിത്തലയായിരുന്നു. എന്നിട്ടും കെ.സി.വേണുഗോപാലിന് പ്രതീക്ഷിച്ച ഭൂരിപക്ഷം നേടിക്കൊടുക്കാൻ ചെന്നിത്തലയുടെ ഹരിപ്പാടിന് കഴിഞ്ഞതേയില്ല.


10000 മുതൽ 15000 വോട്ടിൻെറ ഭൂരിപക്ഷം ആണ് യു.ഡി.എഫ് ഹരിപ്പാട് പ്രതീക്ഷിച്ചത്. പക്ഷേ ലഭിച്ചത് വെറും 1345 വോട്ട് മാത്രമായിരുന്നു. 2019ൽ ഷാനിമോൾ ഉസ്മാൻ നേടിയ ഭൂരിപക്ഷത്തേക്കാൾ 12979 വോട്ടിൻെറ കുറവാണ് കെ.സി.വേണുഗോപാലിന് ഇത്തവണ ഉണ്ടായിരിക്കുന്നത്.


യു.ഡി.എഫ് ക്ഷീണിച്ചപ്പോൾ മണ്ഡലത്തിൽ നേട്ടം കൊയ്തത് ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനാണ്. കെ.സി. വേണു ഗോപാലിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയ ശോഭാ സുരേന്ദ്രൻ ബി.ജെ.പിയുടെ വോട്ട് വിഹിതം 2019ൻെറ ഇരട്ടിക്ക് അടുത്ത് എത്തിച്ചു.

2019ൽ 26238 വോട്ട് നേടിയ ബി.ജെ.പിയുടെ ഇപ്പോഴത്തെ വോട്ട് വിഹിതം 47421. 48466 വോട്ടാണ് കെ.സി വേണുഗോപാലിൻെറ ഹരിപ്പാട്ടെ നേട്ടം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലക്ക് ഹരിപ്പാട് നിന്ന് കിട്ടിയത്  72768 വോട്ടാണ്.

അതിനേക്കാൾ 24302 വോട്ട് കുറവാണ് കെ.സി.വേണുഗോപാലിന് ഇത്തവണകിട്ടിയത്.ഇതാണ്  കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് വോട്ട്ചോർച്ച ഉണ്ടായെന്ന സംശയം ശക്തമാകാൻ കാരണം. വരും ദിവസങ്ങളില്‍ ആലപ്പുഴ ഡിസിസിയും ഹരിപ്പാട് ബ്ലോക്ക് കമ്മറ്റികളും ഇതിന് ഉത്തരം പറയേണ്ടി വരും.

Advertisment