Advertisment

ബിജെപിയോടുള്ള എന്‍എസ്എസ് അയിത്തം മാറുന്നു ? തൃശൂരിലെ വിജയത്തിലും കേന്ദ്രമന്ത്രി സ്ഥാനത്തിലും സന്തോഷമെന്നു സുകുമാരന്‍ നായര്‍. എന്‍എസ്എസ് സഹായം കിട്ടിയെന്നു പറയാതെ പറഞ്ഞു ബിജെപിയും

തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം തുടങ്ങിയ മണ്ഡലങ്ങളിലെ നായര്‍ വോട്ടുകളാണു രാജീവ് ചന്ദ്രശേഖറിനു ലഭിച്ചത്. ശശി തരൂറിനു തുണയായതാകട്ടെ അവസാന ഘട്ടത്തില്‍ വോട്ടെണ്ണുന്ന ലെത്തീന്‍, മുസ്ലീം ഭൂരിപക്ഷ കേന്ദ്രങ്ങളിലെ വോട്ടുകളാണ്. മുന്‍പുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മാറിയതോടെ നായര്‍ സമുദായ വോട്ടുകളില്‍ വര്‍ധനവുണ്ടാകുമെന്നു കോണ്‍ഗ്രസും ശശി തരൂരും കരുതിയിരുന്നു.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
g sukumaran nair

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി എന്‍.എസ്.എസിന്റെ മനസ് ബിജെ.പിക്കൊപ്പമായിരുന്നോ ? തൃശൂര്‍ എം.പി. സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനലബ്ധിക്കു പിന്നാലെ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്ഥാവനയും വിരല്‍ ചൂണ്ടുന്നതു നായര്‍ സമുദായ വോട്ടുകള്‍ ബി.ജെ.പിക്കു മറിഞ്ഞെന്നാണ്.

Advertisment

തൃശൂരെ വിജയത്തിലും തിരുവനന്തപരുത്തെയും ആറ്റിങ്ങലിലെയും ബി.ജെ.പി മുന്നേറ്റത്തിനു നായര്‍ സമുദായ വോട്ടുകള്‍ പ്രധാന ഘടകമായിരുന്നു. മന്നം ജയന്തി ആഘോഷ പരിപാടിയില്‍ എന്‍.എസ്.എസിന്റെ ക്ഷണം ലഭിച്ചു ശശി തരൂര്‍ എത്തിയതും അദ്ദേഹത്തെ ഡല്‍ഹി നായര്‍ എന്നു മാറ്റി നല്ല നായര്‍ എന്നു വിശേഷിപ്പിക്കുകയും ഒക്കെ ചെയ്തിരുന്നെങ്കിലും സമുദായ വോട്ടുകള്‍ ലഭിച്ചതു രാജീവ് ചന്ദ്രശേഖറിനായിരുന്നു.


തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം തുടങ്ങിയ മണ്ഡലങ്ങളിലെ നായര്‍ വോട്ടുകളാണു രാജീവ് ചന്ദ്രശേഖറിനു ലഭിച്ചത്. ശശി തരൂറിനു തുണയായതാകട്ടെ അവസാന ഘട്ടത്തില്‍ വോട്ടെണ്ണുന്ന ലെത്തീന്‍, മുസ്ലീം ഭൂരിപക്ഷ കേന്ദ്രങ്ങളിലെ വോട്ടുകളാണ്. മുന്‍പുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മാറിയതോടെ നായര്‍ സമുദായ വോട്ടുകളില്‍ വര്‍ധനവുണ്ടാകുമെന്നു കോണ്‍ഗ്രസും ശശി തരൂരും കരുതിയിരുന്നു.

പക്ഷേ, വോട്ടു മറിഞ്ഞതു രാജീവ് ചന്ദ്രശേഖറിലേക്കായിരുന്നു എന്നുമാത്രം. ഇതു നേതൃത്വത്തിന്റെ മനസറിഞ്ഞുള്ള നീക്കമായിരുന്നെന്നും വിലയിരുത്തപ്പെടുന്നു. തൃശൂരില്‍ നായര്‍ സമുദായ വോട്ടുകള്‍ കൂട്ടത്തോടെ സുരേഷ് ഗോപിക്കു ലഭിച്ചിട്ടുണ്ടെന്നാണു ബി.ജെ.പി. നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ഹൈന്ദവ, ക്രൈസ്തവ വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിഞ്ഞ കുറച്ചു നാളുകളായി സുരേഷ് ഗോപി നടത്തിയ ശ്രമങ്ങള്‍ക്കാണ് ഇതോടെ ഫലം കണ്ടത്. ബി.ഡി.ജെ.എസ് കടലാസ് സംഘടനയായി മാറിയെന്നു ബി.ജെ.പി സംസ്ഥാന വക്താവും തൃശൂരിലെ സഹപ്രഭാരിയുമായ ബി രാധാക്യഷ്ണ മേനോന്‍ പറയുമ്പോള്‍ വിജയം നായര്‍ സമുദായ വോട്ടുകള്‍ ചേര്‍ന്നതോടുകൂടിയാണെന്ന സൂചനയാണു നല്‍കുന്നത്.


സുരേഷ് ഗോപി ക്രൈസ്തവ സമൂഹവുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്നു. ക്രൈസ്തവ വോട്ടുകള്‍ കേന്ദ്രീകരിച്ച് ക്രൈസ്തവ സഭയുടെ നേതാക്കളുമായി ഉണ്ടാക്കിയ ബന്ധങ്ങളും സുരേഷ്‌ഗോപിക്കു ഗുണമായിട്ടുണ്ട്. തൃശൂരില്‍ പരീക്ഷിച്ചു വിജയിച്ച ഹിന്ദു-ക്രിസ്ത്യന്‍ വോട്ടു ഫോര്‍മുലയ്ക്കുള്ള പ്രതിഫലമാണു സുരേഷ്‌ഗോപിക്കും ജോര്‍ജ് കുര്യനും ലഭിച്ച മന്ത്രിസ്ഥാനമെന്നും കരുതുന്നവരുമുണ്ട്.


കേന്ദ്രത്തില്‍ രണ്ടു സീറ്റില്‍ ആരംഭിച്ച ബിജെപി രാജ്യത്ത് വളര്‍ന്നതുപോലെ കേരളത്തിലും വളരുന്നുണ്ടെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഇന്നു മാധ്യമങ്ങളോട് പറഞ്ഞത്.

കേരളത്തില്‍നിന്നു രണ്ടു കേന്ദ്ര മന്ത്രിമാരെ കിട്ടിയതില്‍ സന്തോഷം. സുരേഷ് ഗോപി മന്ത്രിയാകുന്നതില്‍ ഇടപെടല്‍ നടത്തിയിട്ടില്ല. സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം എന്‍എസ്എസിന്റെ നേട്ടമാണെന്നു പറയുന്നില്ലന്നും ആര്‍ക്കുവേണമെങ്കിലും എന്‍.എസ്.എസ് ആസ്ഥാനത്തു വരാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

ബി.ജെ.പിയോടുള്ള എന്‍.എസ്.എസ്. അയിത്തം മാറുന്നു എന്നതിന്റെ സൂചനകള്‍ സുകുമാരന്‍ നായരുടെ വാക്കുകള്‍ക്കിടയില്‍ നിന്നു വായിച്ചെടുക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

Advertisment