Advertisment

പുറത്തുനിന്നുള്ള ജോര്‍ജിന് പകരം സ്വന്തം ജോര്‍ജിനെ ന്യൂനപക്ഷ മന്ത്രി പദവി നല്‍കി ക്രൈസ്തവ മുഖമാക്കി മാറ്റിയപ്പോള്‍ കനത്ത തിരിച്ചടി കിട്ടിയത് പിസി ജോര്‍ജിന്. മോദി സ്ഥാനാര്‍ഥിയാക്കിയ അനില്‍ ആന്‍റണിയെ പരിഹസിച്ച പിസിക്കിട്ടിത് എട്ടിന്‍റെ പണി. ഇനി പിസി ജോര്‍ജ് വാഗ്ദാനം ചെയ്ത ക്രിസ്ത്യന്‍ - ബിജെപി പാതയൊരുക്കാന്‍ മന്ത്രി ജോര്‍ജ് !

ക്രൈസ്തവ സമുദയ വോട്ടുകള്‍ ബി.ജെ.പിക്കൊപ്പം ചേര്‍ക്കാന്‍ കെല്‍പ്പുള്ള നേതാവായി പി.സി. ജോര്‍ജിനെ കണ്ടെങ്കിലും പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ അനില്‍ ആന്റണി ഏറ്റുവാങ്ങിയ ദയനീയ പരാജയം ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെയും അസംതൃപ്തിക്കു കാരണമായിട്ടുണ്ട്. 

New Update
george kurian pc george anil antony

കോട്ടയം: ജോര്‍ജ് കുര്യന് അപ്രതീക്ഷിത കേന്ദ്രമന്ത്രി സ്ഥാനം നല്‍കിയപ്പോള്‍ ക്രൈസ്തവ മുഖമായി ബി.ജെ.പിയില്‍ അവതരിച്ച പി.സി. ജോര്‍ജിനേറ്റത് കനത്ത തിരിച്ചടി. പി.സി. ജോര്‍ജിനെ ബി.ജെ.പിയില്‍ എത്തിച്ചപ്പോള്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് പല പ്രതീക്ഷകളും ഉണ്ടായിരുന്നു.

Advertisment

ക്രൈസ്തവ സമുദയ വോട്ടുകള്‍ ബി.ജെ.പിക്കൊപ്പം ചേര്‍ക്കാന്‍ കെല്‍പ്പുള്ള നേതാവായി പി.സി. ജോര്‍ജിനെ കണ്ടെങ്കിലും പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ അനില്‍ ആന്റണി ഏറ്റുവാങ്ങിയ ദയനീയ പരാജയം ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അസംതൃപ്തിക്കു കാരണമായിട്ടുണ്ട്.


നരേന്ദ്ര മോദി നേരിട്ടിടപ്പെട്ട് സ്ഥാനാർഥി ആക്കിയ അനിൽ ആന്റണിയെ ജോർജ് പരസ്യമായി അവഹേളിച്ചത് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചു. ഇതോടെയാണ് പാര്‍ട്ടിയുടെ ആദ്യകാല ക്രൈസ്തവ മുഖമായ ജോര്‍ജ് കുര്യനെ കേന്ദ്ര മന്ത്രി സ്ഥാനത്തേക്ക് എത്തിച്ചു ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാന്‍ ബി.ജെ.പി ശ്രമിക്കുന്നത്.


പാലാ രൂപതാംഗം കൂടിയായ ജോര്‍ജ് കുര്യൻ പൊതുവേ ക്രൈസ്തവ സഭകള്‍ക്ക് സ്വീകാര്യനാണ്. ന്യൂനപക്ഷം, ഫിഷറീസ്, മൃഗപരിപാലനം, ക്ഷീരോല്‍പ്പന വകുപ്പുകളാണ് ജോര്‍ജ് കുര്യനെ ബി.ജെ.പി ഏല്‍പ്പിച്ചിട്ടുള്ളത്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനവും ജോര്‍ജ് കുര്യന് ബി.ജെ.പി. നല്‍കിയിരുന്നു.

പി.സി. ജോര്‍ജിലൂടെ ലക്ഷ്യമിട്ടത് മറ്റൊരു ജോര്‍ജായ ജോര്‍ജ് കുര്യനിലൂടെ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ജോര്‍ജ് കുര്യനെ മന്ത്രിയാക്കിയതിനെ സ്വാഗതം ചെയ്തു സീറോ മലബാര്‍ സഭ ഉള്‍പ്പടെ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ രംഗത്ത് വന്നതും നേതൃത്വം അനുകൂലമായി കാണുന്നു.


അതേ സമയം പി.സി. ജോര്‍ജാകട്ടെ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി നിര്‍ണയമടക്കം പാളിയെന്ന ആരോപണം ഉന്നയിച്ചു രംഗത്തു വന്നു. അനില്‍ ആന്റണിക്ക് നാടുമായി ഒരു ബന്ധവും ഇല്ലായിരുന്നെന്നും ഇതു തോല്‍വിക്ക് കാരണമായതായും പി.സി.ജോര്‍ജ് ആരോപിക്കുന്നു.


അനിലിന് വോട്ടുപിടിക്കാന്‍ വളരെയധികം ബുദ്ധിമുട്ടി. അനിലിനെപോലെ ആരുമായും ബന്ധമില്ലാത്ത ആളെ സ്ഥാനാര്‍ഥിയാക്കിയാല്‍ വിജയിക്കാനാകില്ല. കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി മകനെ തള്ളിപ്പറഞ്ഞതും പേരുദോഷമായി. ജയിക്കാവുന്ന സീറ്റ് അനില്‍ നശിപ്പിച്ചെന്നും പി.സി. ആരോപിക്കുന്നു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു പത്തനംതിട്ടയില്‍ കുതിച്ചുയരാന്‍ കഴിയുമെന്ന് ബി.ജെ.പി കണക്കുകൂട്ടിയിരുന്നു. എന്നാല്‍, അനില്‍ ആന്റണിക്കു മണ്ഡലത്തിലെ ഒരു നിയമസഭാ മണ്ഡലത്തിലും ലീഡ് നേടാന്‍ സാധിച്ചില്ല. പകരം ബി.ജെ.പിയുടെ വോട്ടുവിഹിതം 29 % ല്‍ നിന്ന് 25.49 % ആയി കുറയുകയും ചെയ്തു.


ക്രൈസ്തവ സമുദായം പത്തനംതിട്ടയില്‍ ബി.ജെ.പിയെ കൈവിട്ടതായാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. അതേസമയം തൃശൂര്‍ മണ്ഡലത്തില്‍ വിജയം നേടാനായതു ക്രൈസ്തവരുടെ വലിയ പിന്തുണ കൂടി ലഭിച്ചതിനാലാണെന്നാണു കേന്ദ്ര നേതൃത്വം കരുതുന്നു.


ക്രൈസ്തവ വിഭാഗങ്ങളെ പരിഗണിക്കുന്നില്ലെന്നായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചരണവേളയിലും മറ്റും ബി.ജെ.പിക്കെതിരെ ഉയർന്ന പരാതി. തൃശൂരില്‍ ഈ പ്രചരണം ഫലം കണ്ടുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ഈ സാചര്യത്തില്‍ ക്രൈസ്തവര്‍ക്ക് കൂടി സ്വീകാര്യനായി ഒരു മന്ത്രി മോഡി സര്‍ക്കാരില്‍ വരുന്നതിലൂടെ ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തി നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. നേതൃത്വം.

Advertisment