പെരുന്നാൾ ദിവസം കാപ്പാ കേസ് പ്രതിയെ തിരഞ്ഞ് വീട്ടിലെത്തിയ പോലീസും പ്രതിയുടെ ബന്ധുക്കളും തമ്മിൽ വാക്കേറ്റം. പോലീസിനെ വളഞ്ഞ് പ്രതിയുടെ ബന്ധുക്കൾ. സംഘർഷം ഒഴിവായത് ഈരാറ്റുപേട്ട എസ്എച്ച്ഒ എത്തിയതോടെ

New Update
violence in etpa

ഈരാറ്റുപേട്ട: പെരുന്നാൾ ദിവസം കാപ്പാ കേസ് പ്രതിയെ തിരഞ്ഞ് വീട്ടിലെത്തിയ പോലീസും പ്രതിയുടെ ബന്ധുക്കളും തമ്മിൽ വാക്കേറ്റം. മഫ്തിയിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, പോലീസ് ആരോപണം നിഷേധിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

Advertisment

ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഈരാറ്റുപേട്ട തെക്കേക്കര കരയില്‍ മന്തക്കുന്ന് സ്വദേശി അഫ്സലി ( 24) നെ തേടിയാണ് സ്പെഷൽ ബ്രാഞ്ച് അംഗങ്ങൾ വീട്ടിൽ എത്തിയത്. ഉദ്യോഗസ്ഥർ വീട്ടിൽ കയറി പരിശോധിക്കാൻ ശ്രമിച്ചതോടെ ബന്ധുക്കൾ എതിർത്തു.

violence in etpa-2

എതിർപ്പ് മറികടന്ന് പോലീസ് പരിശോധന നടത്തി. ബഹളം കേട്ട് സമീപ വാസികളും ഇവിടെക്കെത്തി. ഇതോടെ പോലീസും വീട്ടുകാരും തമ്മിൽ സംഘർഷ സാധ്യത ഉടലെടുത്തു. പിന്നാലെ ഈരാറ്റുപേട്ട എസ്.എച്ച്.ഒ സ്ഥലത്തെത്തി സംഘർഷ സാധ്യത ഒഴിവാക്കുകയായിരുന്നു. ഫെബ്രുവരിയിൽ നടന്ന മോഷണ കേസുമായി ബന്ധപ്പെട്ടാണ് അഫ്സലിനെ പോലീസ് തെരയുന്നത്.

അഫ്സൽ കഴിഞ്ഞ കുറെ വർഷങ്ങളായി കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, കറുകച്ചാൽ, പാലാ, കടുത്തുരുത്തി, തിടനാട് എന്നീ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, മോഷണം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. രണ്ടു തവണ കാപ്പാ നിയമപ്രകാരം അഫ്സലിനെതിരെ നടപടിയെടുത്തിരുന്നു.

Advertisment