/sathyam/media/media_files/MIrQTqk5JFOE20Vjp0mA.jpg)
കോട്ടയം: ഈരാറ്റുപേട്ടയില്‍ കാപ്പാ കേസ് പ്രതിയെ പിടകൂടാന്‍ എത്തിയ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ പ്രതിയുടെ ബന്ധുക്കള്‍ തടഞ്ഞ സംഭവം ചര്‍ച്ചയാക്കി ബി.ജെ.പി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെടുന്ന ബി.ജെ.പി. ലക്ഷ്യം വെക്കുന്നതു വിവാദമായ ഈരാറ്റുപേട്ടയിലെ തീവ്രവാദ വിരുദ്ധ പരിശീലന കേന്ദ്രം ആരംഭിക്കാന്‍ ശ്രമിച്ച നീക്കം അട്ടിമറിക്കപ്പെട്ടതാണ്.
പക്ഷേ, വീട്ടുകാരാകട്ടെ ബലിപെരുന്നാള്‍ ദിവസം വീട്ടിലെത്തിയ പോലീസ് സ്ത്രീകളോട് മോശമായി പെരുമാറി എന്നതില്‍ ഉറച്ചു നില്‍ക്കുകയണ്. മഫ്തിയില്‍ എത്തിയ ഉദ്യോസ്ഥര്‍ വീട്ടിലേക്കു അതിക്രമിച്ചു കടന്നു മോശമായി പെരുമാറുകയായിരുന്നു എന്നും ഇവര്‍ പറയുന്നു.
എന്നാല്‍, വിഷയം സൈബറിടങ്ങള്‍ ഇതിനോടകം തന്നെ വലിയ ചര്‍ച്ചാ വിഷയമാക്കി മാറ്റാന്‍ ബി.ജെ.പിക്കായിട്ടുണ്ട്. നാടിന്റെ മതേതരത്വം തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നു മറു വിഭാഗവും ആരോപിക്കുന്നു.
ഈരാറ്റുപേട്ടയില്‍ തീവ്രവാദ വിരുദ്ധ പോലീസ് പരിശീലന കേന്ദ്രം വേണമെന്നുള്ള ആവശ്യമാണു ബി.ജെ.പി ഉന്നയിക്കുന്നത്. ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷന്റെ കൈവശമുള്ള ഭൂമി മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മാണത്തിനു നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് ജില്ലാ പോലീസ് മേധാവി നല്‍കിയ കത്തില്‍ 'ഈ പ്രദേശത്തെ മതപരമായ പ്രശ്‌നങ്ങള്‍, തീവ്രവാദ പ്രശ്‌നങ്ങള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവയുടെ പ്രത്യേക വസ്തുതകള്‍ കണക്കിലെടുത്ത് ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷന്റെ കൈവശമുള്ള ഭൂമി പോലീസ് വകുപ്പിന്റെ കയ്യില്‍ തന്നെ സംരക്ഷിക്കണം.' എന്നു പറഞ്ഞിരുന്നു.
തീവ്രവാദ വിരുദ്ധ പോലീസ് പരിശീലന കേന്ദ്രത്തിനും പോലീസ് പിടികൂടിയ കേസ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ആ പ്രദേശത്ത് സൂക്ഷിക്കുന്നതിനും ഈ ഭൂമി പോലീസ് വകുപ്പിന്റെ കൈവശം സൂക്ഷിക്കണമെന്നായിരുന്നു ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് എഴുതിയ കത്തില്‍ അഭ്യര്‍ഥിച്ചിരുന്നു.
ജില്ലാ പോലീസ് മേധാവി ആഭ്യന്തര വകുപ്പിനു നല്‍കിയ റിപ്പോര്‍ട്ട് ഈരാറ്റുപേട്ടയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന ആരോപണവുമായി വെല്‍ഫെയര്‍ പാര്‍ട്ടി ആദ്യം രംഗത്തുവന്നു. തുടര്‍ന്നു റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷിയോഗവും ചേര്‍ന്നിരുന്നു.
യു.ഡി.എഫും ഈരാറ്റുപേട്ടയില്‍ ഭീകരവിരുദ്ധ കേന്ദ്രം വേണ്ട സിവില്‍ സ്‌റ്റേഷന്‍ മതി എന്ന നിലപാട് എടുത്തു. പക്ഷേ, നീക്കത്തിനെതിരെ ബി.ജെ.പി രംഗത്തുവരുകയായിരുന്നു. ഇതിനിടെയാണ് ഈരാറ്റുപേട്ടയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ പ്രശ്‌നം ഉന്നയിച്ചു പോലീസ് പരിശീലന കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചു രംഗത്തു വന്നത്.
ഈരാറ്റുപേട്ടയില്‍ ക്രമസമാധാനവാഴ്ചയില്ലാതെ അരക്ഷിതവും അങ്ങേയറ്റം ഭീതിജനകവുമായ അന്തരീക്ഷമാണു പലയിടങ്ങളിലും ഉള്ളതെന്നു ബി.ജെ.പി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി പറയുന്നു. ഇരു മുന്നണികളും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ കണ്ണടയ്ക്കുകയും ചെയ്യുന്നു.
തീവ്രവാദ ശക്തികളുടെ സാന്നിധ്യം ഉണ്ടെന്നതു ചൂണ്ടിക്കാട്ടിയാണ് ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷന്‍ സ്ഥലം റവന്യൂ ടവറിനായി വിട്ടുകൊടുക്കുന്നതിനെ പോലീസ് മേധാവി കെ കാര്‍ത്തിക് റിപ്പോര്‍ട്ടില്‍ എതിര്‍ത്തത്. എന്നാല്‍, കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തോടെ ആ റിപ്പോര്‍ട്ടിനെ അവഗണിച്ച് ഇവിടെ തീവ്രവാദ വിരുദ്ധ പരിശീലന കേന്ദ്രം തുടങ്ങാനുള്ള സാധ്യത എന്നന്നേക്കുമായി അട്ടിമറിച്ചു.
ഇതിന്റെ പ്രത്യുപകാരമായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ഇക്കൂട്ടര്‍ തുണച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയും ഇവരുടെ വോട്ടു നേടിയെന്നും ഹരി ആരോപിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us