പാലാക്കാര്‍ക്ക് അമ്മത്തൊട്ടില്‍ ! ഇന്നാട്ടിലെ ചെറുപ്പക്കാരോ അവരുടെ അപ്പനപ്പൂപ്പന്മാരിലാരെങ്കിലുമോ പിറന്നത് ഈ ആശുപത്രിയിലാണ്. ഇതുവരെ 80000 ത്തിലേറെ കുട്ടികള്‍. നാട്ടിലോരോ സ്പെഷ്യാലിറ്റി ആശുപത്രികള്‍ വരുമ്പോഴും ഒരു മാസത്തിനപ്പുറം മേരിഗിരിയില്‍ തിരക്കേറും. കേരളത്തിലേറ്റവും ചിലവുകുറഞ്ഞ ചികിത്സ ലഭിക്കുന്ന സ്വകാര്യ ആശുപത്രി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം ആരംഭിച്ച മേരിഗിരി ആശുപത്രി പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോള്‍ പറയാനുള്ളത്..

New Update
marygiri hospital

പാലാ: നാട്ടില്‍ ഒരുപാട് ആശുപത്രികള്‍ ഉണ്ടെങ്കിലും മീനച്ചില്‍ താലൂക്കിലെ ഒട്ടുമിക്ക ആളുകളും ഇപ്പോഴും ആതുര ശുശ്രൂഷകള്‍ക്ക് ആശ്രയിക്കുന്നത് ഭരണങ്ങാനം മേരിഗിരിയെ ആണ്. കാരണം ഈ പ്രദേശത്തെ പ്രായപൂര്‍ത്തിയായ ആളുകളില്‍ ഭൂരിപക്ഷം പേരും ജനിച്ചുവീണതൊ അല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് അത്യാവശ്യ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴോ ഒരു തവണയെങ്കിലും എത്തിച്ചേര്‍ന്നിട്ടുണ്ടാവും !

Advertisment

80000 ത്തിലേറെ കുട്ടികള്‍ പിറന്നുവീണ ഈ ആശുപത്രി മീനച്ചില്‍ താലൂക്കിന്‍റെ അമ്മത്തൊട്ടില്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന സ്ഥാപനമാണെന്ന് പറയാം. 75 -ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് മേരി ഹോസ്പിറ്റല്‍ എന്ന മേരിഗിരി ആശുപത്രി കൈപ്പിഴവുകളില്ലാത്ത സ്നേഹ ശുശ്രൂഷകളുടെ ആതുരാലയമായി മാറിക്കഴിഞ്ഞു.


marygiri hospital-2

സ്പെഷ്യാലിറ്റികള്‍ക്ക് പലവിധ അലങ്കാരങ്ങള്‍ ചാര്‍ത്തിയ വമ്പന്‍ ആശുപത്രികള്‍ വരെയുണ്ടിപ്പോള്‍ പാലായില്‍. അവിടെനിന്നൊക്കെ നാട്ടുകാരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായ വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും പ്ലാറ്റിനം ജൂബിലി പിന്നിട്ട മേരിഗിരിയുടെ സാമീപ്യം ഒന്നുവേറെ തന്നെയാണ്. 

ഈരാറ്റുപേട്ടയില്‍ റിംസും പാലായില്‍ മെഡിസിറ്റിയുമൊക്കെ വന്നപ്പോഴും മേരിഗിരിയിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവല്ലാതെ ഒരു കൊഴിഞ്ഞുപോക്കും ഉണ്ടായിട്ടില്ല. ഇപ്പോഴും ഒരു ബെഡ് ഒഴിവുകിട്ടാന്‍ പ്രയാസം.

മേരിഗിരിയിലെ രോഗികളില്‍ വലിയൊരളവും ഈരാറ്റുപേട്ട, പൂഞ്ഞാര്‍ ഭാഗങ്ങളില്‍ നിന്നായിരുന്നു. അത് ലക്ഷ്യമിട്ടായിരുന്നു വമ്പന്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടെ സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷന്‍ സംവിധാനങ്ങളൊക്കെ ഒരുക്കി റിംസ് ആശുപത്രി പേട്ടയില്‍ വന്നത്.

marygiri hospital-3

ആദ്യത്തെ രണ്ടാഴ്ച മേരിഗിരിയില്‍ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി എന്നത് ശരിയാണ്. പിന്നെ അതേ ആളുകള്‍ 'നമുക്ക് മേരിഗിരിമതി'യെന്നു പറഞ്ഞ് ഇവിടേയ്ക്ക് തിരികെ പോന്നു. ഒടുവില്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് റിംസ് പൂട്ടിപ്പോയത് ചരിത്രം.

ചേര്‍പ്പുങ്കലില്‍ പാലാ രൂപതയുടെ ഉടമസ്ഥതയില്‍ മാര്‍ സ്ലീവാ മെഡിസിറ്റി വന്നപ്പോഴും ഇതുതന്നെയായിരുന്നു നാട്ടു സംസാരം - 'ഇനി മേരിഗിരിയിലേയ്ക്ക് ഒക്കെ ആര് പോകാനാ ?' ആദ്യ രണ്ട് മാസങ്ങളിലെ സ്ഥിതിയും ഏതാണ്ടതുപോലെയൊക്കെ ആയിരുന്നു.


പിന്നീട് മേരിഗിരിയില്‍ ഒരത്യാവശ്യത്തിന് അഡ്മിറ്റ് ആകണമെങ്കില്‍ റൂം കിട്ടാനില്ലാത്ത സ്ഥിതി. മെ‍ഡിസിറ്റി തുടങ്ങി മൂന്നു മാസം കഴിഞ്ഞ കാലത്തിനുശേഷം മേരിഗിരിയില്‍ തിരക്കൊഴിഞ്ഞ കാലം ഉണ്ടായിട്ടില്ല.


marygiri hospital-4

അതാണ് മേരിഗിരി ആശുപത്രിയുടെ പുണ്യം. എവിടെയൊക്കെ പോയാലും ആളുകള്‍ ഒടുവില്‍ മേരിഗിരിയില്‍ തന്നെയെത്തും. ചിലത് ഭേദമാകാന്‍ അല്പം സമയം കൂടുതലെടുത്താലോ അല്പം കൂടി മിനക്കെടേണ്ടി വന്നാലോ അല്ലാതെ ഒരു കയ്യബദ്ധം മേരിഗിരിയില്‍ നിന്നു കേള്‍ക്കുക പ്രയാസം.

എന്നാല്‍ അപ്പുറവും ഇപ്പുറവും ഉള്ള സ്ഥാപനങ്ങളിലെ സ്ഥിതി അതല്ല. ഇന്നാട്ടിലെ മിക്ക ആളുകള്‍ക്കും ഒന്നുകില്‍ അവരോ അല്ലെങ്കില്‍ അവരുടെ അപ്പന്‍ - അപ്പൂപ്പന്മാരോ ജനിച്ചുവീണത് ഈ ആശുപത്രിയിലാണ്. അതിന്‍റെയൊരു സുരക്ഷിതത്വ ബോധം ഒന്നുവേറെ തന്നെയാണ്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഒരു വര്‍ഷം തികയും മുമ്പേ 1948 മാര്‍ച്ച് 19 -നായിരുന്നു 12 കിടക്കകളുമായി മേരിഗിരിയുടെ തുടക്കം. ഇപ്പോഴുള്ളത് 100 കിടക്കകള്‍. അത്യാവശ്യം എല്ലാ സ്പെഷ്യാലിറ്റികളുമുണ്ട്. കേരളത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ ചിലവില്‍ ചികിത്സ ലഭിക്കുന്ന സ്വകാര്യ ആശുപത്രികളിലൊന്ന്.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ വ്യാഴാഴ്ച ഉല്‍ഘാടനം ചെയ്തത്.  

Advertisment