കോട്ടയം: മഴ ശക്തമായാൽ ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുള്ളത് പത്ത് ഇടങ്ങളിൽ. ജില്ലയിൽ, വിവിധ താലൂക്കുകളിലായി 10 ഇടങ്ങളിൽ ഉരുൾ പൊട്ടലിനും 60 ഇടങ്ങളിൽ വെള്ളപ്പൊക്കത്തിനും 11 ഇടങ്ങളിൽ മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. സ്‌റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ തയാറാക്കിയ വിവിധ ദുരന്ത സൂചികാ ഭൂപടത്തിലാണ് ജില്ലയിലെ സ്‌ഥലങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി, മീനച്ചിൽ, കാഞ്ഞിരപ്പള്ളി, കോട്ടയം, വൈക്കം താലൂക്കുകളെയാണ് മഴ ഏറ്റവുമധികം ബാധിക്കുക. മലയോരമേഖലയിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയുള്ളത്. മൂന്നിലവ്, പൂഞ്ഞാർ, വടക്കേക്കര, തീക്കോയി, തലപ്പലം, പുഞ്ഞാർ നടുഭാഗം, പൂഞ്ഞാർ തെക്കേക്കര, കുട്ടിക്കൽ, പ്ലാപ്പള്ളി, ഇളംകാട് എന്നിവിടങ്ങളിലാണ് ഉരുൾപ്പൊട്ടൽ ഭീഷണി നിലനിൽക്കുന്നത്.
2021ൽ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ ജില്ലയിൽ 33 പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത എന്ന് റിപ്പോർട്ടുണ്ടായിരുന്നു. 2021 ഒക്ടോബര്‍ 16നാണ് 21 പേരുടെ ജീവന്‍ അപഹരിച്ച കൂട്ടിക്കൽ ദുരന്തം ഉണ്ടായതിനു ശേഷമാണ് റിപ്പോർട്ട് ചർച്ചയായത്.
ഇത്തരത്തിൽ മണ്ണിടിച്ചിലിന് സാധ്യതയേറിയ കൂടുതൽ പ്രദേശങ്ങളും കൂട്ടിക്കൽ, തലനാട്, തീക്കോയി വില്ലേജുകളിലാണ് സ്ഥിതി ചെയ്യുന്നത്. കൂട്ടിക്കലിൽ മാത്രം 11 ഇടത്താണ് മണ്ണിടിച്ചിലിന് സാധ്യത പറയുന്നത്.
റിപ്പോർട്ടുകൾ മലയോര ജനതയുടെ നെഞ്ചിൽ തീ കോരിയിടുന്നതാണ്. ജനിച്ചു വളർന്ന നാട്ടിൽ നിന്നു എങ്ങോട്ടു പലായനം ചെയ്യുമെന്നാണ് ഇവിടുത്തുകാർ ചോദിക്കുന്നത്. മഴക്കാലത്ത് ബന്ധു വീടുകളിലേക്കും മറ്റും മാറി താമസിക്കുന്നവരും ചെറുതല്ല. കൂട്ടിക്കൽ ദുരന്തത്തിനു ശേഷം നൂറോളം കുടുംബങ്ങളാണ് ഉള്ളതെല്ലാം വിറ്റു പെറുക്കി ഇവിടെ നിന്നും മാറി താമസിച്ചത്.
റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൻ മഴ ശ്ക്തമായാൽ മലയോര മേഖലയിൽ ഉള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നും അവശ്യമായ ഘട്ടത്തിൽ മാറി താമസിക്കാൻ തയാറാകണമെന്നും അധികൃതർ പറ
യുന്നു.