Advertisment

മണർക്കാട് പള്ളിയിൽ എട്ട് നോമ്പ് പെരുന്നാള്‍ ആചരണത്തിന് ഇന്ന് തുടക്കമാകും. കൊടിമരം ഉയർത്തൽ നാളെ. വിശ്വാസികളെ വരവേല്‍ക്കാന്‍ മണര്‍ക്കാട് ദേശമൊരുങ്ങി.

New Update
bd6556ab-6890-45b1-80dc-540ce060a23f

കോട്ടയം: യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടു നോമ്പ് പെരുന്നാള്‍ ആചരണത്തിന് ഇന്ന്  വൈകിട്ട് സന്ധ്യാപ്രര്‍ഥനയോടെ തുടക്കമാകും. വിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പാചരണത്തിനായി എത്തുന്ന വിശ്വാസികളെ വരവേല്‍ക്കാന്‍ മണർകാട് ദേശമൊരുങ്ങി. ഇനിയുള്ള എട്ടു ദിനരാത്രങ്ങള്‍ വ്രതശുദ്ധിയുടെ പുണ്യദിനങ്ങളായിട്ടാണു നാട് ആചരിക്കുന്നത്.

Advertisment

സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്നു വൈദികരുടെയും കത്തീഡ്രല്‍ ഭാരവാഹികളുടെയും മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ കല്‍ക്കുരിശില്‍ തിരിതെളിക്കും. തുടര്‍ന്നു പെരുന്നാളിനോട് അനുബന്ധിച്ച് ആരംഭിച്ചിരിക്കുന്ന വിവിധ കൗണ്ടറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

കരോട്ടെ പള്ളിയില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടു വരെ രാവിലെ ആറിന് കുര്‍ബാനയും കത്തീഡ്രലില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടു വരെ രാവിലെ 7.30ന് പ്രഭാത പ്രാര്‍ഥനയും 8.30ന്  കുര്‍ബാനയും വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാര്‍ഥനയും ഉണ്ടായിരിക്കും.  ഒന്നു മുതല്‍ അഞ്ചു വരെ ഉച്ചയ്ക്ക് 12ന് മധ്യാഹ്ന പ്രാര്‍ഥനയും രാവിലെ 11നും ഉച്ചകഴിഞ്ഞ് 2.30നും പ്രസംഗവും  ഒന്നു മുതല്‍ രണ്ടുവരെ വൈകിട്ട് ആറിന് ധ്യാനവും ഉണ്ടായിരിക്കും.

ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടിനു കൊടിമരഘോഷയാത്രയ്ക്കായി പള്ളിയില്‍നിന്ന് പുറപ്പെടും. പറമ്പുകര  മരവത്ത് എം.എം. ജോസഫിന്റെ ഭവനാങ്കണത്തില്‍നിന്നു വെട്ടിയെടുക്കുന്ന കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലില്‍ എത്തിക്കും. 4.30ന് തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ പ്രാര്‍ഥനയ്ക്ക് ശേഷം കൊടിമരം ഉയര്‍ത്തും.

അങ്കമാലി ഭദ്രാസനം മൂവാറ്റുപുഴ മേഖലാധിപന്‍ മാത്യൂസ് മോര്‍ അന്തിമോസ് സെപ്റ്റംബര്‍ രണ്ടിനും അങ്കമാലി ഭദ്രാസനം പെരുമ്പാവൂര്‍ മേഖലാധിപന്‍ മാത്യൂസ് മോര്‍ അപ്രേം മൂന്നിനും മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. മെറിറ്റ് ഡേയും വയോജനങ്ങളെ ആദരിക്കലും മൂന്നിനു വൈകിട്ട് ആറിന് നടക്കും. നാലിന് മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് പൗരസ്ത്യ സുവിശേഷസമാജം മെത്രാപ്പോലീത്ത മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ്  മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകിട്ട് ആറിന് പൊതുസമ്മേളനം.  അഞ്ചിന് മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ക്‌നാനായ അതിഭദ്രാസനം റാന്നിമേഖലാധിപന്‍ കുറിയാക്കോസ് മോര്‍ ഈവാനിയോസ് പ്രധാന കാര്‍മ്മികത്വം വഹിക്കും.

ആറിന് മൈലാപ്പൂര്‍ ഭദ്രാസനാധിപന്‍ ഐസക് മോര്‍ ഒസ്താത്തിയോസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍  കുര്‍ബാന. ഉച്ചകഴിഞ്ഞ് രണ്ടിന് കുരിശുപള്ളികളിലേക്കുള്ള  റാസ. ഏഴിന് കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലൂസ് മോര്‍ ഐറേനിയോസ് മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിക്കും. 11.30ന് ഉച്ചനമസ്‌കാരത്തെത്തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ സാന്നിധ്യത്തില്‍ നടതുറക്കല്‍ ശുശ്രൂഷ. തുടര്‍ന്ന് കറിനേര്‍ച്ചയ്ക്കുള്ള പന്തിരുനാഴി ഘോഷയാത്ര.

വൈകിട്ട് 7.30ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. 8.45ന് ആകാശവിസ്മയം. 10ന് പരിചമുട്ടുകളി, മാര്‍ഗം കളി. രാത്രി 12ന് ശേഷം കറിനേര്‍ച്ച പ്രധാന പെരുന്നാള്‍ ദിനമായ  എട്ടിന് മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് മലങ്ക മെത്രാപ്പോലീത്തയും കൊച്ചിഭദ്രാസനാധിപനുമായ ജോസഫ് മോര്‍ ഗ്രീഗോറിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശീര്‍വാദം. വൈകിട്ട്  മൂന്നിന് നടക്കുന്ന നേര്‍ച്ചവിളമ്പോടെ പെരുന്നാള്‍ സമാപിക്കും.

Advertisment