കോട്ടയം: ആർപ്പൂക്കരയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ആശുപത്രി മാലിന്യം കുഴിച്ചു മൂടാൻ നീക്കമെന്ന് പരാതി. മാലിന്യം കുഴിച്ചു മൂടുന്നതിനെ ചൊല്ലി പ്രദേശവാസികളും സ്ഥല ഉടമയും തമ്മിൽ തർക്കം രൂക്ഷമായതോടെ ഗാന്ധിനഗർ പോലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി.
ആർപ്പൂക്കര വില്ലൂന്നി കാട്ടൂപ്പാറ ഭാഗത്ത് ഇടച്ചേത്ര ഷാജിയുടെ പുരയിടത്തിലാണ് 12 ദിവസം മുൻപ് പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്നുള്ള 300 ചാക്ക് മാലിന്യം എത്തിച്ചത്. തുടർന്ന്, നാട്ടുകാർ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചു. ഇതോടെ സ്ഥലത്ത് എത്തിയ പഞ്ചായത്ത് അധികൃതർ മാലിന്യം തരം തിരിച്ച് പ്ലാസ്റ്റിക്ക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറണമെന്നും ബാക്കിയുള്ളവ കൃത്യമായി സംസ്‌കരിക്കണമെന്നും നിർദേശം നൽകി.
എന്നാൽ, ഇന്ന് രാവിലെ ജെസിബിയുമായി എത്തിയ സംഘം മാലിന്യം കുഴിച്ചിടാൻ ശ്രമിച്ചു. ഇതു നാട്ടുകാർ സംഘം ചേർന്ന് തടഞ്ഞു. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായി. തുടർന്ന് വിവരം അറിഞ്ഞ് ഗാന്ധിനഗർ പോലീസ് സ്ഥലത്ത് എത്തി സംഘർഷം ഒഴിവാക്കുകയായിരുന്നു.
എന്നാൽ, ആശുപത്രി മാലിന്യങ്ങൾ അല്ല ആക്രിക്കടകളിലെ മാലിന്യങ്ങളാണ് ഇവിടെ തള്ളിയത് എന്ന് ഉടമ പറയുന്നു. ഇതിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തരം തിരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറാൻ ഇരിക്കുകയായിരുന്നു. ബാക്കിയുള്ള മാലിന്യങ്ങൾ പഞ്ചായത്ത് നിർദേശം അനുസരിച്ച് ഇവിടെ തന്നെ കുഴിച്ചിടാനാണ് തീരുമാനിച്ചിരുന്നതെന്നും ഉടമ പറയുന്നു.