കോട്ടയം: തങ്കളാഴ്ച വൈകിട്ടോടെ ആരംഭിച്ച ശക്തമായ മഴ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ദുര്‍ബലമായി. രാത്രിയോടെ വീണ്ടും മഴ ശക്തമാകുമോയെന്ന ആശങ്കയാണുള്ളത്. ശക്തമായ മഴയിലും കാറ്റിലും ഇതിനോടകം തന്നെ വന്‍ നാശനഷ്ടമാണു ജില്ലയില്‍ ഉണ്ടായത്.
തിരുവാതുക്കലില്‍ ശക്തമായ മഴയില്‍ നിയന്ത്രണം നഷ്ടമായ പിക്കപ്പ് ജീപ്പ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. രണ്ട് പോസ്റ്റുകള്‍ ഒടിഞ്ഞതോടെ നഗരത്തിലും പരിസരത്തും ഏഴു മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടു. തിരുവാതുക്കല്‍, കാരാപ്പുഴ, കോട്ടയം നഗരം എന്നിവിടങ്ങളിലാണ് വൈദ്യുതി തടസപ്പെട്ടത്.
/sathyam/media/media_files/pickup-accident-kottayam.jpg)
കോട്ടയം ഭാഗത്തേക്കു വരികയായിരുന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം നഷ്ടമായി റോഡരിയിലെ രണ്ടു വൈദ്യുതി പോസ്റ്റുകളില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു. തുടര്‍ന്ന് ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. അപകടത്തില്‍പ്പെട്ട വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു.
തിങ്കളാഴ്ച വൈകിട്ടു മഴക്കൊപ്പം എത്തിയ കാറ്റ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, പെരുവ, അവര്‍മ പ്രദേശങ്ങളില്‍ വന്‍ നാശം വിതച്ചു. വീടുകള്‍ക്ക് മുകളില്‍ മരം വീണ് ലക്ഷക്കണക്കിന് രുപയുടെ നാശനഷ്ടമാണ് ഉണ്ടായി. ഇരുപതിലധികം വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു.
അവര്‍മ മേരി നിലയത്തില്‍ സാജന്‍ മാത്യുവിന്റെ വീടിനു മുകളിലേക്ക് അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന വന്‍ ആഞ്ഞിലി മറിഞ്ഞ് വീണു വീടിനു നാശനഷ്ടം ഉണ്ടായി. അവര്‍മ ശ്രീനിലയത്തില്‍ സനീഷിന്റെ വീടിന്റെ മുകളിലേക്ക് അയല്‍വാസിയുടെ പുരയിടത്തിലെ ആഞ്ഞിലിമരം വീണ് വീട് ഭാഗികമായി തകർന്നു.
/sathyam/media/media_files/tree-fallen-on-house-kottayam.jpg)
കാരിക്കോട് ചാലപ്പുറത്ത് തുരുത്തല്‍ സണ്ണിയുടെ വീടിനു മുകളിലേക്കും മരം മറിഞ്ഞു വീണു. അവര്‍മ കൊരവേലില്‍ സോമന്‍, പെരുവ കണയത്ത് ചന്ദ്രന്‍ എന്നിവരുടെ വീടിന്റെ മുകളിലേക്കും മരങ്ങള്‍ വീണു. ഈ പ്രദേശങ്ങളില്‍ നിരവധി റബര്‍ മരങ്ങളും ഒടിഞ്ഞു വീണു നശിച്ചിട്ടുണ്ട്.
കെ.എസ്. ഇ.ബി.ക്കും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 20 ഓളം വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും, അത്രയും തന്നെ പോസ്റ്റുകള്‍ ചെരിഞ്ഞും നില്‍ക്കുകയാണ്. കൂടാതെ അന്‍പതിലധികം ഭാഗത്ത് വൈദ്യുതി ലൈനുകള്‍ പൊട്ടിവീണിട്ടുമുണ്ടെന്ന് കെ.എസ്.ഇ ബി. എ.ഇ അറിയിച്ചു.