ചങ്ങനാശേരി: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി അടച്ചുപൂട്ടി. ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തിലെ മലിന ജലം കഴിഞ്ഞ ദിവസങ്ങളില്‍ മുനിസിപ്പല്‍ റോഡിലേക്ക് ഒഴുകിയിരുന്നു. തുടര്‍ന്ന് നഗരസഭ കെഎസ്ആര്‍ടിസിക്ക് കത്ത് നല്‍കി.
സംഭവം ആവര്‍ത്തിച്ചാല്‍ 50,000 രൂപ പിഴയീടാക്കുമെന്നും നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്ന് ശൗചാലയം അടച്ചുപുട്ടുകായായിരുന്നു. ശൗചാലയ നടത്തിപ്പിന് കരാര്‍ ഏറ്റെടുത്തവര്‍ പ്രശ്‌നം താല്‍ക്കാലികമായി പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നുകണ്ട് പിന്മാറിയെന്ന് അധികൃതര്‍ പറയുന്നു.
യാത്രക്കാരുടെ ശങ്ക പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ഗതാഗതമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. യാത്രക്കാരുടെ ഭാഗത്തുനിന്നു വലിയ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എടിഒ കെഎസ്ആര്‍ടിസി ചീഫ് ഓഫിസിനു കത്തു നല്‍കി.
കെഎസ്ആര്‍ടിസിക്കു വേണ്ടി ശൗചാലയ സംവിധാനം ഒരുക്കുന്ന സുലഭ ഏജന്‍സിയെ ശുചിമുറി ഏല്‍പിക്കുവനാണ് അധികൃതരുടെ നീക്കം. മലിനജലം പൊട്ടിയൊഴുകുന്ന പ്രശ്‌നങ്ങളും കോംപ്ലക്‌സിന്റെ തകരാറുകളും പരിഹരിച്ച് ഇവര്‍ക്കു നല്‍കാനാണ് അധിക്യതരുടെ തീരുമാനം. നിലവില്‍ ജീവനക്കാരുടെ ശൗചാലയം യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തെന്നും അധികൃതര്‍ പറയുന്നു.