കോട്ടയം: ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ബന്ധപ്പെട്ടു തകരാറിലായ റോഡുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേകയോഗം ചേരാൻ ജില്ലാ വികസനസമിതി യോഗത്തിൽ തീരുമാനം.
ദേശീയപാത-83ന്റെ ഭാഗമായ കോട്ടയം-മുണ്ടക്കയം സെക്ഷനിൽ പത്തൊൻപതാം മൈൽമുതൽ മുണ്ടക്കയം വരെയുള്ള ഭാഗങ്ങൾ നാലുവരി പാതയാക്കി വികസിപ്പിക്കാൻ പദ്ധിയുണ്ടെന്ന് ദേശീയപാത അധികൃതർ ജില്ലാ വികസനസമിതി യോഗത്തെ അറിയിച്ചിരുന്നു.
പദ്ധതിക്കായി രൂപരേഖ തയാറാക്കുമ്പോൾ പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ടൗണുകളിലെ വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും ആശങ്കകൾ കണക്കിലെടുക്കണക്കണമെന്നും സാധ്യമായ ഇടങ്ങളിൽ ബൈപാസുകൾ പരിഗണിക്കണമെന്നും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചൂണ്ടിക്കാട്ടി.
പദ്ധതിക്ക് ഡി.പി.ആർ. തയാറാക്കുമ്പോൾ ബന്ധപ്പെട്ട ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചുവേണം അലൈൻമെന്റ് നിശ്ചയിക്കേണ്ടത് എന്ന് ജൂലൈയിലെ ജില്ലാ വികസനസമിതിയോഗത്തിൽ ഡോ. എൻ. ജയരാജ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ദേശീയപാതവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഭിന്നശേഷിക്കാർക്കുള്ള സവിശേഷ തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നതിന് മെഡിക്കൽ ബോർഡ് ചേരുന്നതിലെ കാലതാമസം പല ആനുകൂല്യങ്ങളും നഷ്ടമാക്കാൻ ഇടയാക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ അടിയന്തരനടപടി സ്വീകരിക്കണമെന്നും ചീഫ് വിപ്പ് ആവശ്യപ്പെട്ടു.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ കൂടുതൽ ആളുകളെ നിയോഗിച്ചു പരിഹാരത്തിനുള്ള നടപടികൾ ഊർജിതമാക്കുന്നുണ്ടെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആരോഗ്യവകുപ്പ് സബ് സെന്ററുകൾ തുടങ്ങുന്നതിന് സ്ഥലലഭ്യത പ്രശ്‌നമാണെന്നും പരിഹാരമുണ്ടായില്ലെങ്കിൽ ഫണ്ട് നഷ്ടമാകുമെന്നും തദ്ദേശസ്വയംഭരണവകുപ്പ് അധികൃതർ ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടണമെന്നും ഡോ. എൻ. ജയരാജ് ചൂണ്ടിക്കാട്ടി.
ചങ്ങനാശേരി ടൗൺ ബസ് സ്റ്റാൻഡ് പരിസരം, മുസ്ലീം പള്ളി പരിസരം എന്നിവിടങ്ങളിലെ ഇന്റർലോക്ക് നടപ്പാതകൾ പുനർവിന്യസിക്കുന്ന നടപടികൾ വേഗത്തിലാക്കണമെന്നു അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ദേശീയപാത വിഭാഗത്തിനു നിർദേശം നൽകി.
ജലജീവൻ പദ്ധതിക്കുവേണ്ടിയുള്ള പൈപ്പുകൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത് ഇരുചക്രവാഹനയാത്രികർ അടക്കമുള്ളവർക്ക് അപകടം സൃഷ്ടിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്നും പൊതുമരാമത്ത് വകുപ്പിനോട് എം.എൽ.എ. ആവശ്യപ്പെട്ടു.
ഫാത്തിമാപുരം മാലിന്യനിക്ഷേപകേന്ദ്രത്തിൽ ബയോ റെമഡിയേഷൻ പ്രവർത്തികൾ ഡിസംബറോടെ പൂർത്തിയാക്കാനാകുമെന്ന് ജില്ലാ വികസനസമിതി യോഗം അറിയിച്ചു. പാറത്തോട് പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിൽ ഈ മാസമുണ്ടായ ഇരുൾപ്പൊട്ടലിൽ കൈത്തോടുകൾ മണ്ണും കല്ലും നിറഞ്ഞുകിടക്കുകയാണെന്നും ഇതു നീക്കം ചെയ്യുന്നതിനായി ലേലം അടക്കമുള്ള സാധ്യതകൾ പരിശോധിക്കണമെന്നും അഡ്വ. സെ്ബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. ആവശ്യപ്പെട്ടു.
തലനാട്, തീക്കോയി പഞ്ചായത്തുകൾക്കിടയിലായി രൂപപ്പെട്ടിട്ടുള്ള 'അളിഞ്ഞിത്തുരുത്ത്്' മണൽത്തിട്ട കാരണം സമീപവീടുകളിൽ ചെറിയ മഴയിൽപോലും വെള്ളം കയറുന്ന സാഹചര്യമുണ്ടെന്നും മണൽ നീക്കം ചെയ്യുന്നതിന് ലേലം അടക്കമുള്ള സാധ്യതകൾ പരിശോധിക്കണമെന്നും അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു.
തിടനാട് പള്ളിച്ചപ്പാത്തിന്റെ അടുത്തും മറ്റും സ്ഥലങ്ങളിലും പുഴകളിൽ ചെളിയും മണ്ണും അടിഞ്ഞു വെള്ളപ്പൊക്കത്തിന് കാരണമാകുന്ന അവസ്ഥയിലാണെന്നും ഇതും ലേലം ചെയ്യുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു.
ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് അധ്യക്ഷത വഹിച്ചു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, വൈസ് പ്രസിഡന്റ് ജോസ്പുത്തൻകാല, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി ആന്റണി ജേക്കബ്, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ, ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.