കല്ലറ: ഗതാഗത കുരുക്കിൽ വലഞ്ഞ് കല്ലറ മാര്‍ക്കറ്റ് ജങ്ഷനും ടൗണും. കോട്ടയം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ഇടയാഴം റോഡിലേക്കു തിരിയുന്നിടത്തു വീതിയില്ലാത്തതാണ് പ്രശ്നങ്ങൾക്കു കാരണം. വലിയ വാഹനങ്ങള്‍ക്കു തിരിയാന്‍ പറ്റാതെ വരുന്നതോടെ ഏറെസമയം ഇവിടെ ഗതാഗതം കുരുങ്ങുന്നു. സ്‌കൂളുകള്‍ തുറന്നതോടെ വിദ്യാര്‍ഥികളുമായെത്തുന്ന വാഹനങ്ങളും നിരവധിയാണ്.
ഇതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുകയാണ്. കുമരകം, ചേര്‍ത്തല, ആലപ്പുഴ ഭാഗത്തേയ്ക്കുള്ള നൂറുകണക്കിനു വാഹനങ്ങള്‍ ഇടയാഴം കല്ലറ വഴിയാണു കടന്നുപോകുന്നത്. കൂടാതെ മണ്ണുമായി പടിഞ്ഞാറന്‍ മേഖലയിലേക്കു പോകുന്ന നൂറുകണക്കിനു ടോറസുകളും ടിപ്പറുകളും ഉള്‍പെടെയുള്ള വലിയ വാഹനങ്ങളും ബസ് അടക്കമുള്ള ബസുകളും ഇതുവഴിയാണു കടന്നു പോകുന്നത്.
രോഗികളുമായി പോകുന്ന ആംബുലന്‍സ് ഉള്‍പെടെയുള്ള വാഹനങ്ങള്‍ പോലും ഇവിടുത്തെ കുരുക്കില്‍ അകപ്പെടുന്നതായി നാട്ടുകാർ പറയുന്നു. കല്ലറ ജങ്ഷന്‍ വീതി കൂട്ടി ഗതാഗതക്കുരുക്കിനു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.