Advertisment

പുഞ്ച കൃഷി വിളവെടുപ്പ് അവസാന ഘട്ടത്തില്‍, ഏപ്രില്‍ അവസാനം മുതല്‍ മെയ് ആദ്യ ആഴ്ചകളില്‍ വരെ വിളവെടുപ്പു നടത്തിയ പാടശേഖരങ്ങളില്‍ കര്‍ഷകര്‍ക്കു ലഭിച്ചതു പതിരു മാത്രം. കോട്ടയം തിരുവായ്ക്കരി പാട ശേഖരത്ത് കൊയ്ത്ത് കഴിഞ്ഞ്  37 ദിവസമായിട്ടും നെല്ല് സംഭരിക്കാനായില്ല.

New Update
c4acf3be-f382-4f88-8ac5-a62ae02ea5c7.jpeg

കോട്ടയം: പുഞ്ച കൃഷി വിളവെടുപ്പ് അവസാന ഘട്ടത്തില്‍, ഏപ്രില്‍ അവസാനം മുതല്‍ മെയ് ആദ്യ ആഴ്ചകളില്‍ വരെ വിളവെടുപ്പു നടത്തിയ പാടശേഖരങ്ങളില്‍ കര്‍ഷകര്‍ക്കു ലഭിച്ചത് ഏറെയും പതിരു മാത്രം. തിരുവായ്ക്കരി പാടശേഖരത്ത് കൊയ്ത്ത് കഴിഞ്ഞ്  37 ദിവസമായിട്ടും നെല്ല് സംഭരിക്കാനായില്ല.

Advertisment

നാട്ടകം കൃഷിഭവന്റെ കീഴിലുള്ള എരവുകേരി പാടശേഖരത്തില്‍ നാലേക്കറില്‍ നിന്നു ലഭ്യമായത് 331 കിലോ നെല്ല് മാത്രമാണെന്ന് കർഷകർ. കൊയ്ത്തു മെഷീനുകള്‍ മണിക്കൂറുകളോളം കൊയ്തിട്ടും മിഷീന്റെ ഉള്ളില്‍ നെല്ല് ലഭിക്കാത്തതിനെ തുടര്‍ന്നു പല കര്‍ഷകരും വിളവെടുപ്പു തന്നെ ഉപേക്ഷിക്കേണ്ടി വന്നു. കൊയ്തവര്‍ക്കാകട്ടെ ഏക്കറിന് 8 ക്വിന്റലില്‍ താഴെ മാത്രമാണു വിളവു ലഭിച്ചത്. തിരുവാര്‍പ്പ് കൃഷി ഭവന്‍ പരിധിയിലെ ചെങ്ങളം കേളക്കെരി മടപ്പള്ളിക്കാട് പാടശേഖരത്തെ കര്‍ഷകര്‍ വിളവു മോശമായതിനെ തുടര്‍ന്നു കൊയ്തു തന്നെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി.

കനത്ത ചൂട് നെല്‍ ചെടികളെയും ദോഷകരമായി ബാധിച്ച അവസ്ഥയാണ്. കടം വാങ്ങി നെല്‍കൃഷി ചെയ്യുന്ന ചെറുകിട നാമമാത്ര കര്‍ഷകരെയും പാട്ട കര്‍ഷകരെയും പതിരു തൂക്കം വര്‍ധിച്ചതു സാരമായി  ബാധിച്ചു.  തിരുവാര്‍പ്പ് പഞ്ചായത്തിലെ  തിരുവായ്ക്കരി പാടശേഖരത്താകട്ടെ കൊയ്ത്ത് കഴിഞ്ഞ്  37 ദിവസമായിട്ടും നെല്ല് സംഭരിക്കാത്തതു മൂലം നശിച്ചു പോകുന്ന അവസ്ഥയിലാണ്. പോള ശല്യം മൂലമാണു സംഭരണം നടക്കാതിരിക്കുന്നതെന്ന്  ഏജന്‍സികള്‍ പറയുന്നത്.

ഇതേ തുടര്‍ന്നു ലക്ഷ കണക്കിനു രൂപയുടെ നഷ്ടമാണു കര്‍ഷകര്‍ക്കു സംഭവിക്കുന്നത്. അനാസ്ഥ അവസാനിപ്പിച്ച് ഉടന്‍ തന്നെ സംഭരണം നടത്തി തങ്ങളെ സംരക്ഷിക്കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ഉഷ്ണ തരംഗത്തില്‍ യെല്ലോ അലേര്‍ട്ടും റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിലെ വിളവു കുറഞ്ഞിരിക്കുന്ന മുഴുവന്‍ നെല്‍ കര്‍ഷകര്‍ക്കും ഗവണ്‍മെന്റ് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാണ് നെല്‍ കര്‍ഷക സംരക്ഷണ സമിതിയുടെ ആവശ്യം.

 

Advertisment