ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പുകക്കുഴല്‍ തുരുമ്പെടുത്ത് ഒടിഞ്ഞുവീണതിനെ തുടര്‍ന്നു ഖരമാലിന്യ സംസ്‌കരണം നിലച്ചു. നിലവിൽ മാലിന്യം ശേഖരിക്കുന്നത് ഹരിതകര്‍മസേന. പുതിയ പ്ലാന്റ് വേണോ പുകക്കുഴൽ മാറ്റി സ്ഥാപിക്കണോ എന്ന ആശയക്കുഴപ്പത്തിൽ അധികൃതർ.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
e447848a-11cc-4730-8d3c-ff0b7ec2f508.jpeg

ചങ്ങനാശേരി: ജനറല്‍ ആശുപത്രിയിലെ മാലിന്യ സംസ്കരണ പ്ലാൻ്റിൻ്റെ പുകക്കുഴല്‍ തുരുമ്പെടുത്ത് ഒടിഞ്ഞുവീണതിനെ തുടര്‍ന്നു ഖരമാലിന്യ സംസ്‌കരണം നിലച്ചു. തകരാർ പരിഹരിക്കാൻ നടപടിയെടുക്കാതെ അധികൃതർ. മാലിന്യ സംസ്കരണ പ്ലാൻ്റ് തകരാറിലായതോടെ ജനറല്‍ ആശു പത്രിയിലെ മാലിന്യശേഖരണം ഹരിതകര്‍മ സേനയെ ഏല്‍പ്പിച്ചിരിക്കുകയാണ്.

Advertisment

 പുകക്കുഴല്‍ കഴിഞ്ഞ ദിവസമാണ് തുരുമ്പെടുത്തു  ഒടിഞ്ഞു വീണത്. ഇതിനു ശേഷവും ആശുപത്രിയിലെ മാലിന്യം കത്തിച്ചതു കാരണം സമീപപ്രദേശങ്ങളിലെല്ലാം പുക പടരുകയും ജനങ്ങളുടെ ഭാഗത്തു നിന്നു പരാതി ഉയരുകയും ചെയ്തു. തുടര്‍ന്ന് മാലിന്യം കത്തിക്കുന്നതു നിര്‍ത്തിവയ്ക്കാനും മാലിന്യശേഖരണം താല്‍ക്കാലികമായി ഹരിതകര്‍മസേനയെ ഏല്‍പ്പിക്കാനും തീരുമാനിച്ചത്.  

അജൈവ മാലിന്യങ്ങളാണു നഗരസഭ ഹരിതകര്‍മ സേന ശേഖരിക്കുക. ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള മെഡിക്കല്‍ മാലിന്യങ്ങളും സര്‍ജിക്കല്‍ മാലിന്യങ്ങളും കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെയില്‍) കമ്പനി ശേഖരിച്ചു മാറ്റുകയാണ്. ഇതു കൃത്യമായ ഇടവേളകളില്‍ നടക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ജൈവമാലിന്യങ്ങള്‍ ആശുപത്രിവളപ്പിലെ തുമ്പൂര്‍മുഴി മാതൃകയിലുള്ള പ്ലാന്റില്‍ നിക്ഷേപിച്ചു വളമാക്കി മാറ്റുകയാണ്. 2017ലാണു ഖരമാലിന്യ സംസ്‌കരണ പ്ലാൻ്റ് ആശുപത്രിയില്‍ സ്ഥാപിച്ചത്. പുകക്കുഴല്‍ മാറുന്നതിനും മറ്റു തകരാര്‍ പരിഹരിക്കുന്നതിനുമായി ഒരു ലക്ഷം രൂപയോളം ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.  നിലവിലെ പ്ലാന്റിന്റെ അപര്യാപ്തതയും  തകരാറും കണക്കിലെടുത്തു പുതിയത് സ്ഥാപിക്കാനും ആലോചനയുണ്ട്. അടുത്ത ആശുപത്രി വികസന സമിതി യോഗത്തില്‍ പ്ലാൻ്റ് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് ആശുപത്രി അധികതര്‍ പറയുന്നു.