കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ അവശേഷിക്കുന്നത് രണ്ടു ഫ്രീസർ കൂടി മാത്രം. അജ്ഞാത മൃതദേഹങ്ങൾ നീക്കം ചെയ്യാൻ കഴിയാതെ ആശുപത്രി അധികൃതർ. കോട്ടയം മെഡിക്കൽ കോളജിൽ 18 ഫ്രീസറാണ് ആകെയുള്ളത്. അതിൽ 16 എണ്ണത്തിലും മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. ശേഷിക്കുന്ന രണ്ടെണ്ണത്തിൽ ഒരെണ്ണം വൈകല്യമുള്ളതോ മാസം തികയാതെയുള്ള നവജാത ശിശുക്കൾ മരണപ്പെടുമ്പോൾ സൂക്ഷിക്കുന്നതിനുള്ളതാണ്. ഫലത്തിൽ ഒരു ഫ്രീസർ മാത്രമേ അവശേഷിക്കുന്നുള്ളൂ.
രണ്ടാഴ്ച മുമ്പ് അജ്ഞാത മൃതദേഹങ്ങൾ ബന്ധുക്കൾ വന്ന് ഏറ്റെടുത്തില്ലെങ്കിൽ ആശുപത്രി അധികൃതരുടെ നിർദേശ പ്രകാരം ജീവനക്കാർ പൊതു സ്മാശനത്തിൽ സംസ്കരിക്കുമെന്ന് അറിയിപ്പ് നൽകുകയും ഈ വിവരം ഔദ്യോഗികമായി ഗാന്ധിനഗർ പോലീസിൽ അറിയിക്കുകയും ചെയ്തിരുന്നു.
വിവിധ ജില്ലകളിലുള്ള പോലീസ് സ്റ്റേഷൻ അതിർത്തികളിൽപ്പെട്ടതിനാൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ഗാന്ധിനഗർ പോലീസ് മെഡിക്കൽ കോളജ് അധികൃതരെ അറിയിക്കുകയും ചെയ്തു. എന്നാൽ അറിയിപ്പ് രേഖാമൂലം കിട്ടിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഇതോടെ മോർച്ചറിയുടെ പ്രവർത്തനം അവതാളത്തിലായി.
അപകടത്തിൽപ്പെട്ടോ, വിഷം ഉള്ളിൽ ചെന്നോ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ മരണപ്പെട്ടാൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയേണ്ടതുണ്ട്. അത്തരം സാഹചര്യമുണ്ടായാൽ മൃതദേഹം ഫ്രീസറിൽ വയ്ക്കാൻ കഴിയാതെ വെളിയിൽ വയ്ക്കേണ്ടിവരും. ഇത് മരണപ്പെടുന്ന ആളുകളുടെ ബന്ധുക്കളും ആശുപത്രി അധികൃതരുമായി വാക്കുതർക്കത്തിന് കാരണമാകും.