ഒറവയ്ക്കല്‍ - കൂരാലി റോഡിന്റെ നവീകരണം പുരോഗമിക്കുന്നു, നിര്‍മ്മാണം ഒരു ഭാഗത്ത് പൂര്‍ത്തീകരണത്തിലേക്കു നീങ്ങുമ്പോള്‍,  മറു ഭാഗത്ത് ഇഴയുന്നു, മഴക്കാലം വരും മുമ്പു നവീകരണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വരാനിരിക്കുന്നത് യാത്രാ ദുരിതത്തിന്റെ നാളുകള്‍.

New Update
a9e6b99a-d791-4718-b371-a6abf13c09f2.jpeg

പള്ളിക്കത്തോട്: ഒറവയ്ക്കല്‍ - കൂരാലി റോഡിന്റെ നവീകരണം ഒരു ഭാഗത്തു പൂര്‍ത്തീകരണത്തിലേക്കു നീങ്ങുമ്പോള്‍,  മറു ഭാഗത്ത് ഇഴയുന്നു. പതിനെട്ടു കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള റോഡിന്റെ പല ഭാഗങ്ങളും പല അവസ്ഥയിലാണ്. മഴക്കാലം വരും മുമ്പു നവീകരണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ യാത്ര ദുരിതം ഇനിയും വര്‍ധിക്കും.

Advertisment

ഒറവയ്ക്കല്‍  മുതല്‍ കൂരോപ്പട വരെയുള്ള വരെയുള്ള ഭാഗങ്ങളില്‍ പലയിടങ്ങളിലും വന്‍ കുഴികളാണ്. നവീകരണത്തിന്റെ ഭാഗമായി ഈ ഭാഗത്ത് രണ്ടിടങ്ങളില്‍ കലുങ്ക് പൊളിച്ചു പണിയുകയും റോഡ് ഉയര്‍ത്തുകയും ചെയ്തിട്ടു മാസങ്ങളായെങ്കിലും ഇതുവരെ ടാറിങ്ങ് നടത്തിയിട്ടില്ല. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ഇക്കാര്യത്തില്‍ പല തവണ ഇടപെട്ടുവെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

കൂരോപ്പട - എരുത്തുപ്പുഴ ഭാഗത്തു കാര്യമായ തകര്‍ച്ചയില്ല. വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന അരുവിക്കുഴി പള്ളിക്കത്തോട്, പള്ളിക്കത്തോട് - ഇളമ്പള്ളി ഭാഗങ്ങളുടെ നവീകരണം നടന്നുവരികയാണ്. എന്നാല്‍, നവീകരണം ഇഴഞ്ഞു നീങ്ങുന്നതായി നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.

മഴ ശക്തമാകുമ്പോള്‍ കാക്കത്തോട് ഭാഗത്തു റോഡില്‍ വെള്ളം കയറുന്നതു പതിവായിരുന്നു. ഇതിനൊപ്പം പലയിടങ്ങളിലും സംരക്ഷണ ഭിത്തി തകരുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു അരുവിക്കുഴി മുതല്‍ വാട്ടര്‍ അതോറിറ്റി ജങ്ഷന്‍ വരെയുള്ള ഭാഗത്ത് റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മാണം പൂര്‍ത്തിയായി. മിക്കയിടങ്ങളിലും കോണ്‍ക്രീറ്റ് ഭിത്തിയാണു നിര്‍മിച്ചിരിക്കുന്നത്. ഇതിനൊപ്പം കാക്കത്തോട് ഭാഗം മണ്ണിട്ടുയര്‍ത്തുകയും ചെയ്തു. ഇതോടെ, വെള്ളപ്പൊക്ക ഭീഷണി ഒഴിവാകുമെന്നാണു ജനങ്ങളുടെ വിശ്വാസം. പ്രദേശത്തെ കലുങ്കുകളും പൊളിച്ചു പണിതിരുന്നു. എന്നാല്‍, ടാറിങ്ങ് ഇതുവരെയും പൂര്‍ത്തിയായിട്ടില്ല.

റോഡിന്റെ ഇളമ്പള്ളി - കൂരാലി ഭാഗത്തിന്റെ ടാറിങ്ങ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. കെ.കെ. റോഡിന്റെ സമാന്തര പാതയായി ഉപയോഗിക്കാവുന്ന റോഡിന്റെ കാര്യത്തിലാണ് ഇത്തരത്തില്‍ അനിശ്ചിതത്വം തുടരുന്നത്.