/sathyam/media/media_files/SI4jID6sdfHcuqTkZqvk.jpg)
പാലാ: സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ ഇല്ലായ്മ ചെയ്യുവാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് കേന്ദ്രം ഈയിടെ പാസാക്കിയ മൾട്ടി സ്റ്റേറ്റ് സഹകരണ ഭേദഗതി നിയമമെന്നും ഇത് രാജ്യത്തെ നിയമവ്യവസ്ഥയെയും ഭരണഘടനയെയും അട്ടിമറിക്കുന്ന സമീപനമാണെന്നും എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു ആരോപിച്ചു. മുത്തോലി സർവ്വീസ് സഹകരണ ബാങ്ക് എൽഡിഎഫ് തെരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൂർണ്ണമായും സംസ്ഥാന വിഷയമായ സഹകരണ പ്രസ്ഥാനങ്ങൾ കുൽസിത മാർഗത്തിലൂടെ പിടിച്ചെടുക്കാനുള്ള മാർഗ്ഗമായാണ് പുതിയ സഹകരണ നിയമം കേന്ദ്രം കൊണ്ടുവന്നത്. ഭരണഘടനാപരമായി സംസ്ഥാന വിഷയത്തിൽ കേന്ദ്രം നിയമനിർമ്മാണം നടത്തുവാൻ പാടുള്ളതല്ല. കോടതിയും ഭരണഘടനയും ഒന്നും തങ്ങൾക്ക് ബാധകമല്ലെന്ന് വീണ്ടും ബിജെപി തെളിയിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ അറിവോടെ അല്ലാതെ ഇത്തരം സംഘങ്ങൾ തുടങ്ങുമ്പോൾ നിക്ഷേപം സ്വീകരിക്കുന്നതിനും വായ്പ നൽകുന്നതിനും പലിശ നിശ്ചയിക്കുന്നതിനും ഒക്കെ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളോ ഇല്ലാതെ വരുമ്പോൾ അത് സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ പി.കെ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോസ്.ടോം, കെ.എൻ.പ്രദീപ് കുമാർ, രാജൻ മുണ്ടമറ്റം, മാത്തുകുട്ടി ചേന്നാട്ട്, പുഷ്പചന്ദ്രൻ, ടോബിൻ' കെ.അലക്സ്, റൂബി ജോസ്, അനില മാത്തുകുട്ടി എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us