പാലാ: പാലാ - ഏറ്റുമാനൂര്‍ സംസ്ഥാന പാതയില്‍ കടപ്പാട്ടൂര്‍ ജംഗ്ഷനു സമീപത്തുള്ള മീന്‍ കടയോടു ചേര്‍ന്ന് സ്വകാര്യ വ്യക്തി പുരാതന കുളികടവായ ഇടേട്ടു കടവ് വേസ്റ്റും മണ്ണും മറ്റുമിട്ട് നശിപ്പിച്ച് ആറ്റുപുറമ്പോക്കും ഇടത്തൊണ്ടും കയ്യേറുന്നതില്‍ പാലാ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രതിഷേധിച്ചു.
പാലാ മുനിസിപ്പാലിറ്റിയിലെ ഭരണകക്ഷി കൗണ്‍സിലറുടെ ബന്ധുവായ വ്യക്തിയാണ് കയ്യേറ്റത്തിന് നേതൃത്വം നല്‍കുന്നത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിലവില്‍ രണ്ടടിയോളം വീതിയില്‍ ഒരു കല്‍ക്കെട്ട് നിലവിലുള്ളതും, ഈ കല്‍ക്കെട്ടില്‍ നിന്നും 2 അടിയോളം ഇടത്തൊണ്ടും, ആറ്റുപുറമ്പോക്കും കയ്യേറിയാണ് ഒരു കോണ്‍ക്രീറ്റ് പില്ലറും, കെട്ടും നിര്‍മ്മിച്ചിരിക്കുന്നത്.
പാലാ - ഏറ്റുമാനൂര്‍ സംസ്ഥാന പാതയില്‍ നിന്നും മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകുന്നത് ഈ ഇടത്തൊണ്ട് വഴിയാണ്. ഈ ഇടത്തൊണ്ട് കയ്യേറി അടച്ചുകെട്ടിയാല്‍ പാലാ - ഏറ്റുമാനൂര്‍ സംസ്ഥാന പാതയില്‍ വെള്ളക്കെട്ട് ഉണ്ടായി ഗതാഗത തടസം രൂക്ഷമാകുവാന്‍ കാരണമാകുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഈ ഭാഗത്ത് വസ്തുവിന് സെന്‍റിന് കുറഞ്ഞത് 25 ലക്ഷത്തോളം രൂപാ വിലയുള്ളപ്പോള്‍ ഒരു സെന്‍റോളം വസ്തു കയ്യേറുന്നതിനാണ് ഭരണകക്ഷി കൗണ്‍സിലറുടെ സ്വാധീനത്തില്‍ ബന്ധുവായ വ്യക്തി ശ്രമിച്ചുവരുന്നത്.
ഒരു വര്‍ഷം മുമ്പ് ഈ കുളികടവും കടവിലേക്കുള്ള ഇടത്തൊണ്ടും മണ്ണിട്ടു നികത്തി കയ്യേറുന്നതിന് ശ്രമം നടത്തിയെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും, മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളുടേയും, നാട്ടുകാരുടേയും ശക്തമായ പ്രതിഷേധത്താല്‍ കയ്യേറ്റക്കാര്‍ക്ക് മണ്ണു മാറ്റി ഇടത്തൊണ്ട് പുനസ്ഥാപിക്കേണ്ടി വന്നു.
പുറമ്പോക്ക് കയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്കും മറ്റ് അധികാര സ്ഥാനങ്ങളിലും പരാതികള്‍ സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസറും, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗവും നിര്മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു.
പക്ഷേ ഭരണകക്ഷി കൗണ്‍സിലറുടെ സ്വാധീനത്തില്‍ ഈ വ്യക്തി പറമ്പോക്ക് കയ്യേറി മതില്‍ നിര്‍മ്മിക്കുന്നതിനുള്ള നീക്കം നടത്തുകയും, നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്താല്‍ സ്ഥലത്തെത്തിയ പാലാ പോലീസ് പണികള്‍ തടയുകയായിരുന്നുവെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
മാലിന്യങ്ങള്‍ തള്ളി നശിപ്പിച്ച കുളികടവ് എത്രയും വേഗം പുനസ്ഥാപിക്കുകയും, അനധികൃത കയ്യേറ്റം എത്രയും വേഗം ഒഴിപ്പിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പു നല്‍കി.
കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡന്‍റ് തോമസുകുട്ടി നെച്ചിക്കാട്ട് അധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പര്‍ അഡ്വ. സന്തോഷ് മണര്‍കാട് യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. ആര്‍. മനോജ്, രാഹുല്‍ പി.എന്‍.ആര്‍, ബിബിന്‍ രാജ്, സാബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.