Advertisment

പച്ചക്കറി വില കുതിച്ചുയര്‍ന്നു, സാധാരണക്കാരുടെ അടുക്കള ബജറ്റ് താളം തെറ്റി. പച്ചക്കറികളുടെ ശരാശരി വില നൂറില്‍ എത്തി. ഓണ വിപണി ലക്ഷ്യമിട്ടിറക്കിയ പച്ചക്കറി കൃഷി നശിച്ചതോടെ ഓണക്കാലത്തും വന്‍ വില വര്‍ധന പ്രതീക്ഷിച്ച് വ്യാപാരികള്‍.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
1429142-fruit-and-vegetable.webp

കോട്ടയം: പച്ചക്കറിവില കുതിച്ചുയര്‍ന്നതോടെ സാധാരണക്കാരുടെ അടുക്കള ബജറ്റ് താളം തെറ്റി. നിലവില്‍  പച്ചക്കറി വില കുതിയ്ക്കുകയാണ്. പച്ചക്കറികളുടെ ശരാശരി വില 70 -100 രുപയിലേക്ക് എത്തി. നാടന്‍ പയര്‍, പാവല്‍ എന്നിവയ്ക്ക് 100 രൂപയാണ് മിക്ക മാര്‍ക്കറ്റുകളിലും വാങ്ങുന്നത്. തക്കാളി, ബീന്‍സ് എന്നിവയുടെ വില 100 കടന്നു കുതിയ്ക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. സാധാരണ 100 രൂപയ്ക്കു മുകളില്‍ ഉയരാത്ത കൂര്‍ക്ക വില 140 രൂപ വരെയായി. ഏത്തപ്പഴം വില 70 കടന്നു മുന്നേറുകയാണ്. നിലവിലെ പ്രതിസന്ധി ഓണക്കാലം വരെ തുടരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷക്കിച്ച് ഇക്കുറി ഓണത്തിനു വന്‍ വില വര്‍ധനവുണ്ടാകും.

Advertisment

സംസ്ഥാന സര്‍ക്കാരിന്റെ ഓണത്തിന് ഒരു കുട്ട പൂവും ഒരു മുറം പച്ചക്കറി പദ്ധതികള്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ പ്രതിസന്ധിയിലാതേടെയാണ് വില വര്‍ധനവ് പ്രതീക്ഷിക്കുന്നത്. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന വിത്തും തൈകളും നല്‍കിയിരുന്നു. എന്നാല്‍, മഴയില്‍ വിത്തുകള്‍ കിളിര്‍ക്കാതെ വരുന്നതും തൈകള്‍ ചീയുന്നതും വ്യാപകമാണെന്നു കര്‍ഷകര്‍ പറയുന്നു. രണ്ടാഴ്ച മുമ്പും മേയ് അവസാനവുമുണ്ടായ വെള്ളപ്പൊക്കത്തില്‍ വ്യാപകമായി പച്ചക്കറി കൃഷി നശിച്ചിരുന്നു.

ഓണം വിപണി ലക്ഷ്യമിട്ട് കുടുംബശ്രീ കൂട്ടായ്മകള്‍ നട്ട പച്ചക്കറി കൃഷിയുമാണ് മഴക്കെടുതിയില്‍ നശിച്ചത്. മത്തൻ, ചീര എന്നിവയ്ക്ക് ചീയല്‍ രോഗമുണ്ട്. ചീര കിളിര്‍ത്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അഴുകി നശിക്കുകയാണെന്നു കര്‍ഷകര്‍ പറയുന്നു. പയര്‍, പാവല്‍, കോവല്‍, വെണ്ട, പടവലം, വെള്ളരി   വിത്തുകള്‍ ഏറെയും കിളിര്‍ത്തില്ല. മഴ ശമിച്ചാല്‍ വീണ്ടും വിത്തുകള്‍ വാങ്ങി നടാനുള്ള നീക്കത്തിലാണ് കര്‍ഷകര്‍. എന്നാല്‍, ഓണത്തിന് ഇവയില്‍ നിന്നു വിളവെടുപ്പ് അസാധ്യമാകും.

വഴുതന, മുരിങ്ങ, കറിവേപ്പില എന്നിവയില്‍  പുഴു ശല്യവും വ്യാപകമാണ്.
കായ്ച്ചു തുടങ്ങാറായ പച്ചക്കറികള്‍ക്കും മഴ തിരിച്ചടിയാണ്. പയറിലെയും  പാവലിലെയും  ചീനിയിലെയും പൂവുകള്‍ കൊഴിഞ്ഞു നശിക്കുകയാണ്. ഒരാഴ്ചയെങ്കിലും വെയില്‍ തെളിഞ്ഞാല്‍ നഷ്ടമുണ്ടാകില്ലായിരുന്നുവെന്നു കര്‍ഷകര്‍ പറയുന്നു. ലോണെടുത്ത് കൃഷിയിറക്കിയവരാണ് കൂടുതല്‍ പ്രതിസന്ധിയിലായത്. വാഴകൃഷിയില്‍ മാത്രമാണ് നിലവില്‍ കര്‍ഷകരുടെ പ്രതീക്ഷ. എന്നാല്‍, പാടങ്ങളില്‍ ഏത്തവാഴകൃഷി ചെയ്തവരെ വെള്ളപ്പൊക്ക ഭീഷണി ആശങ്കയിലാക്കുന്നുണ്ട്.

Advertisment