കൊക്കോ മുതല്‍ കാപ്പി വരെ  കുതിച്ചു കയറിയ അതേ വേഗത്തില്‍ കിതയ്ക്കുന്നു. കാപ്പിക്കുരു വിപണിയെ പിന്നോട്ട് അടിക്കുന്നത് അവധി വ്യാപാരികളുടെ ഇടപെടല്‍. കൊക്കോയ്ക്ക് തിരിച്ചടിയായത് വില ക്രമാതീതമായി വര്‍ധിച്ചതോടെ ചോക്ലേറ്റ് കമ്പനികള്‍ വിപണിയില്‍ നിന്നു പിന്‍വലിഞ്ഞതും ഇടനിലക്കാരുടെ ഇടപെടലും.

New Update
kottayam-price-raising-of-coffee-and-pepper.jpg

കോട്ടയം: കൊക്കോ മുതല്‍ കാപ്പി വരെ  കുതിച്ചു കയറിയ അതേ വേഗത്തില്‍ കിതയ്ക്കുന്നു. അവധി വ്യാപാരികളുടെ ഇടപെടലാണു കാപ്പിക്കുരു വിപണിയെ പിന്നോട്ട് അടിക്കുന്നതെന്നാണു വ്യാപാരികള്‍ പറയുന്നു. മെയ് മാസം തുടക്കത്തില്‍ 235 രൂപയ്ക്കു വരെ തൊണ്ടോടു കൂടിയ  കാപ്പിക്കുരു വില ഉയര്‍ന്നിരുന്നു. ഒരു വര്‍ഷത്തിലേറെയായി 100 നു മുകളിലായിരുന്ന വിലയാണ് ഈ മാസം റെക്കോര്‍ഡിലെത്തിയത്.

Advertisment

വില കുതിച്ചതോടെ, വര്‍ഷങ്ങളായി ചരക്കു പിടിച്ചുവച്ചിരുന്നവര്‍ പോലും വില്‍പ്പന നടത്തി, പിന്നാലെ വില കൂപ്പുകുത്തുകയായിരുന്നു. ഇന്നലെ 190 രൂപയായിരുന്നു വില.  390 രൂപ വരെയെത്തി കാപ്പി പരിപ്പിന്റെ വില 300 - 315 രൂപയിലേക്കു താഴ്ന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യന്‍  കാപ്പിയോട് മുഖം  തിരിച്ചതായ പ്രചാരണം വില തകര്‍ച്ചയ്ക്കു കാരണമായി. ഇതിനൊപ്പം വില വര്‍ധിച്ചതിനാല്‍ കാപ്പിപ്പൊടി വില്‍പ്പന ഇടിഞ്ഞതും തിരിച്ചടിയായി.  കാപ്പിപ്പൊടി വില്‍പ്പന 560 രൂപ കഴിഞ്ഞു കുതിയ്ക്കുകയാണ്. ഇതോടെ പലരും കാപ്പി  കുടിക്കുന്ന ശീലം പോലും ഉപേക്ഷിച്ചു തുടങ്ങി.

അതേസമയം, കാപ്പിക്കുരു വിലയിലെ വര്‍ധനയുടെ ഗുണം ജില്ലയിലെ കര്‍ഷകര്‍ക്കു കാര്യമായി ലഭിച്ചിരുന്നില്ല, കാപ്പി കര്‍ഷകര്‍ നാമമാത്രമാണ്. മിക്ക കര്‍ഷകരും വര്‍ഷങ്ങളായുള്ള വില ഇടിവിനെത്തുടര്‍ന്നു കാപ്പി കൃഷി ഉപേക്ഷിച്ചിരുന്നു. റബര്‍ തോട്ടങ്ങളിലും ഇടവിളയായി കൃഷി  ചെയ്യുന്നവര്‍ മാത്രമാണുള്ളത്. 

അതേസമയം ആദ്യ വാരം 1070 രൂപ വരെയെത്തിയ കൊക്കോ വില ഇപ്പോള്‍ 600 രൂപയായി. ഏറെക്കാലത്തിനു ശേഷം വില ഉയര്‍ന്നതു കര്‍ഷകരില്‍ പ്രതീക്ഷ പകര്‍ന്നിരുന്നു.  250 രൂപയില്‍ നിന്നാണു കൊക്കോ വില അതിവേഗം കുതിച്ചത്. 100 രൂപ വരെ കൂടിയ ദിവസങ്ങളുണ്ടെന്നു കര്‍ഷകര്‍ പറയുന്നു. 1070 രൂപയ്ക്കു വ്യാപാരം നടന്നതിനു പിന്നാലെ 100 രൂപ കുറഞ്ഞു, പിന്നാലെ 700, 650 എന്നിങ്ങനെ താഴ്ന്നു. ഇന്നലെ 600 രൂപയ്ക്കാണു വ്യാപാരികള്‍ കൊക്കോക്കുരു വാങ്ങിയത്. പച്ച കൊക്കോയുടെ വില  ഇതേ കാലയളവില്‍ 350 രൂപ വന്നിരുന്നുവെങ്കില്‍, അത് 200-220 രൂപയിലേക്കു താഴ്ന്നു.

രാജ്യാന്തര വിപണിയിലുണ്ടായ ക്ഷാമമാണു കൊക്കോ വിലക്കയറ്റത്തിലേക്കു നയിച്ചത്. പ്രാധാന കൊക്കോ ഉത്പാദന രാജ്യങ്ങളായ  ഐവറികോസ്റ്റ്, ഘാന തുടങ്ങിയ രാജ്യങ്ങളില്‍ ഉത്പാദനം കുത്തനെ ഇടിഞ്ഞിരുന്നു.ആഭ്യന്തര വിപണിയിലെ ക്ഷാമവും വിലക്കയറ്റത്തിലേക്കു നയിച്ചുത്.

വില ക്രമാതീതമായി വര്‍ധിച്ചതോടെ ചോക്ലേറ്റ് കമ്പനികള്‍ വിപണിയില്‍ നിന്നു പിന്‍വലിഞ്ഞതു വില കുറയാന്‍ കാരണമായതായി വ്യാപാരികള്‍ പറയുന്നു. ആഗോള തലത്തില്‍ ക്ഷാമം തുടരുന്നതിനാല്‍  വില 500 രൂപയില്‍ താഴാന്‍ ഇടയില്ലെന്നും ഇവര്‍ പറയുന്നു. റബര്‍ വിലയിടിവു മൂലം നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് കൊക്കോ വില വര്‍ധന ആശ്വാസവുമായിരുന്നു.