കോട്ടയം: കോടിമതയിലെ എ.ബി.സി സെന്ററില്‍ ആര്‍പ്പൂക്കര പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും ഏറ്റുമാനൂര്‍ നഗരസഭയിലെയും നായ്ക്കളെ കൂടി വന്ധ്യംകരിക്കാന്‍ അനുമതിതേടി ജില്ല മൃഗസംരക്ഷണ വകുപ്പ്.
നിലവില്‍ നഗരസഭ പ്രദേശത്തെയും പള്ളം ബ്ലോക്കില്‍ ഉള്‍പ്പെട്ട അഞ്ചു പഞ്ചായത്തുകളിലെയും തെരുവുനായ്ക്കളെയാണ് ഇവിടെ വന്ധ്യംകരണം നടത്തിവരുന്നത്. മെഡിക്കല്‍ കോളജ് ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ഈ പ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്താനാവശ്യപ്പെട്ട് മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറകട്ര്‍ നഗരസഭയ്ക്കു കത്ത് നല്‍കിയത്.
നായ്പിടിത്തക്കാര്‍ക്കുള്ള വേതനം, തീറ്റചെലവ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങിയ ചെലവുകള്‍ അതാത് പഞ്ചായത്തുകള്‍ വഹിക്കും. സര്‍ജറി സെറ്റ് തുടങ്ങിയ അടിസ്ഥാന വസ്തുക്കള്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വഹിക്കും. ആര്‍പ്പൂക്കര പഞ്ചായത്തില്‍ സ്വന്തമായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതുവരെ മാത്രം മതി. ജില്ലയിലെ ഏക എ.ബി.സി. സെന്ററാണ് കോടിമതയിലേത്. ഏറ്റുമാനൂരില്‍ ആരംഭിക്കാന്‍ തീരുമനിച്ചിരുന്നെങ്കിലും സ്ഥലം ലഭ്യമാവാത്തതിനാല്‍ നടന്നില്ല.