കോട്ടയം: കെ.എസ്.ഇ.ബി. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം, പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്നു നഗരസഭയുടെ വൈദ്യുതി വിചേ്ഛദിച്ച സംഭവത്തില്‍ നടപടിയെടുക്കാന്‍ കൗണ്‍സില്‍ തീരുമാനം. ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകരണം തേടാനും മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കാനുമാണ് തീരുമാനം.
ഇക്കാര്യത്തെക്കുറിച്ചു തന്നെ അറിയിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനു കഴിഞ്ഞില്ലെന്നു നഗരസഭ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.എന്നാല്‍ അത് അധ്യക്ഷയുടെ വീഴ്ചയാണെന്നായി പ്രതിപക്ഷനേതാവ് ഷീജാ അനില്‍ ആരോപിച്ചു. 1.38 ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ അടയ്ക്കാതിരുന്നതിനെ തുടര്‍ന്നാണു കോട്ടയം നഗരസഭയുടെ ആസ്ഥാന മന്ദിരത്തിന്റെ വൈദ്യുതി കണക്ഷന്‍ കെ.എസ്.ഇ.ബി അധിക്യതര്‍ വിച്ഛേദിച്ചത്.
ഇതോടെ തിങ്കളാഴ്ച ജനറേറ്റര്‍ ഉപയോഗിച്ച് നഗരസഭ പ്രവര്‍ത്തിപ്പിക്കേണ്ട ഗതികേടില്‍ നഗരസഭ എത്തി. തുടര്‍ന്ന് നഗരസഭ അധ്യക്ഷയുടെ അഭ്യര്‍ഥന മാനിച്ച് കെ.എസ്.ഇ.ബി അധിക്യതര്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയായിരുന്നു.
ആവര്‍ത്തിച്ച് ആവശ്യപ്പെട്ടാല്‍ മാത്രമാണ് പൊക്കുപാലം പൊക്കുന്ന ജോലി ചെയ്യുന്നവര്‍, കടത്ത് വള്ളം തുഴയുന്നവര്‍ എന്നിവര്‍ക്ക് വേതനം നല്‍കുന്നതെന്നതും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചാ വിഷയമായി.
ശുചീകരണത്തിനായി മുന്‍വര്‍ഷം അനുവദിച്ചു കിട്ടിയ പണം മുടങ്ങിപ്പോയതും ചര്‍ച്ചയ്ക്കു വന്നു.