Advertisment

ഡ്രൈവിങ് ടെസ്റ്റ് എന്നു നടത്തുമെന്നതില്‍ തീരുമാനമില്ല,ലേണേഴ്‌സ് പാസായി കാത്തിരിക്കുന്നവരുടെ എണ്ണം ആയിരങ്ങള്‍ കടന്നു. ഡ്രൈവിങ് ടെസ്റ്റ് മുടങ്ങിയതോടെ വെട്ടിലായത് വിദേശത്തേയ്ക്ക് പോകേണ്ടവര്‍.

New Update
9177cc99-3baa-4b0c-8dab-c69a9f7714e8.jpeg

കോട്ടയം: ഡ്രൈവിങ് ടെസ്റ്റ് എന്നു നടത്തുമെന്നതില്‍ തീരുമാനമില്ല, ജില്ലയിൽ ലേണേഴ്‌സ് പാസായി കാത്തിരിക്കുന്നവരുടെ എണ്ണം ആയിരങ്ങള്‍ കടന്നു. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് നിലച്ച അവസ്ഥയിലാണ്. പ്രശ്‌നം എന്നു പരിഹരിക്കാന്‍ കഴിയുമെന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്.

Advertisment

1450 രൂപ ലേണേഴ്‌സിന് ഫീസടച്ച് ടെസ്റ്റ് പാസായാണ് കാത്തിരിപ്പ്. ആറുമാസത്തിനകം ലൈസന്‍സ് എടുത്തില്ലെങ്കില്‍ 300 രൂപ അടച്ച് വീണ്ടും പുതുക്കണം. എന്നാല്‍, ഡ്രൈവിങ്ങ് ടെസ്റ്റ് നടക്കുന്നില്ലെങ്കിലും ആര്‍.ടി ഓഫീസില്‍ ലേണേഴ്‌സ് ടെസ്റ്റ് തുടരുന്നുണ്ട്. ലേണേഴ്‌സ് പാസായി പരിശീലനം പൂര്‍ത്തിയാക്കി ഡ്രൈവിങ്ങ് ടെസ്റ്റിന് അര്‍ഹത നേടുന്നവരുടെ എണ്ണം നിത്യേന കൂടുകയാണ്.

അവധിക്കാലമായതിനാല്‍ ലൈന്‍സിനായി കാത്തിരിക്കുന്നവര്‍ നിരവധിയാണ്. പ്രായപൂര്‍ത്തിയായ പലരും ഡ്രൈവിങ്ങ് പഠിച്ച് ലൈസന്‍സ് നേടുന്നത് മധ്യവേനല്‍ അവധിക്കാലത്താണ്. വിദേശത്തേയ്ക്ക് പോകേണ്ടവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.  പലരും ഡ്രൈവിങ്ങ് ലൈസന്‍സ് ഇല്ലാതെ യാത്ര തിരിച്ചു. രാജ്യാന്തര ഡ്രൈവിങ് പെര്‍മിറ്റിന് അപേക്ഷിക്കാനാവില്ല. ഡ്രൈവിങ്ങ് പരിശീലനം നേടിയവരും ആശങ്കയിലാണ്.  ടെസ്റ്റ് വൈകും തോറും ടച്ച് വിട്ടു പോകുമെന്നാണ് ആശങ്ക.

മുടങ്ങിക്കിടക്കുന്ന ഡ്രൈവിങ്ങ് ടെസ്റ്റ് സമീപ ദിവസങ്ങളില്‍ പുനരാരംഭിച്ചാലും ഇവരില്‍ പകുതിയിലേറപ്പെര്‍ക്കും ലൈസന്‍സെന്ന സ്വപ്നം പൂവണിയാന്‍ മാസങ്ങള്‍ കാക്കേണ്ടി വരും. ജില്ലയില്‍ ഒരു ദിവസം ശരാശരി 200 പേര്‍ ലേണേഴ്‌സ് നേടുന്നുണ്ട്. ഇത്രയും പേരെ ഡ്രൈവിങ് ടെസ്റ്റിന് വിധേയരാക്കാന്‍ കഴിയില്ല. ഉപരിപഠനവും ഉദ്യോഗവും മുന്‍നിറുത്തി കേരളത്തിനും രാജ്യത്തിനും പുറത്തേയ്ക്ക് പോകാന്‍ കാത്തു നില്‍ക്കുന്ന ഒട്ടേറെപ്പേരെ ഡ്രൈവിങ്ങ് ടെസ്റ്റ് പ്രതിസന്ധി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഡ്രൈവിങ് സ്‌കൂള്‍ മുഖാന്തിരം എത്തുന്നവര്‍ക്കു മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കണ്ണടച്ചു കൊടുക്കുന്നതായി പതിവ്. ചില്ലറ പിഴവുകള്‍ കണ്ടില്ലെന്നു നടിച്ചു ലൈസന്‍സ് നല്‍കിയിരുന്നു. എന്നാല്‍, പുതിയ ടെസ്റ്റ് വരുന്നതോടെ ഇതൊക്കെ ഇല്ലാതാകും. ടെസ്റ്റ് നടത്തി ലൈസന്‍സിന് അര്‍ഹരായാലും സര്‍ട്ടിഫിക്കറ്റ് എന്നു ലഭിക്കുമെന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുകയാണ്.

Advertisment