ചങ്ങനാശേരി: ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പിലൂടെ ഒഴുകിയെത്തിയത് കറുത്ത് ടാറിനു സമാനമായ ജലം. ദുരിതത്തിലായി പ്രദേശവാസികള്‍.
ചങ്ങനാശേരി മാര്‍ക്കറ്റ് റോഡിലൂടെ കടന്നുപോകുന്ന ജല അതോറിറ്റി പൈപ്പിലൂടെയാണു കഴിഞ്ഞ ദിവസം ദുര്‍ഗന്ധം പരത്തുന്ന കറുത്ത മലിനജലം നാട്ടുകാര്‍ക്കു ലഭിച്ചത്.
ഓടയിലൂടെ ഒഴുകുന്ന മലിന വെള്ളം പോലെ അഴുക്കും മാലിന്യം നിറഞ്ഞ വെള്ളമാണു ലഭിച്ചത്. ജലവകുപ്പിന്റെ ശുദ്ധജലത്തെ ആശ്രയിക്കുന്ന മാര്‍ക്കറ്റ് റോഡിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളുമാണു ഇതോടെ ദുരിതത്തിലായത്.
ഓടയിലൂടെ കടന്നു പോകുന്ന പൈപ്പ് പൊട്ടി മലിനജലം കയറിയതാകാമെന്നാണു ജലവകുപ്പ് അധികൃതര്‍ പറയുന്നത്. ജലവിതരണം നിര്‍ത്തിവെച്ചു പരിശോധന ആരംഭിച്ചിരിക്കുകയാണ്.
പൈപ്പ് പൊട്ടിയ ഭാഗം കണ്ടു പിടിച്ച് ഉടനെ പരിഹരിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പൈപ്പ് പൊട്ടിയത് പരിഹരിച്ചാലും മലിന ജലം ഒഴുകിയ പൈപ്പിലെ ജലം എങ്ങനെ ഉപയോഗിക്കുമെന്നു നാട്ടുകാര്‍ ചോദിക്കുന്നു.