പാലാ: 63 -ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇരട്ട നേട്ടവുമായി ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലെ 10 -ാം ക്ലാസ് വിദ്യാര്‍ത്ഥിനി അഞ്ജന കൃഷ്ണ.
ഹൈസ്‌കൂള്‍ വിഭാഗം ഓട്ടന്‍തുള്ളല്‍, കേരള നടനം എന്നീ ഇനങ്ങളിലാണ് അഞ്ജനാ കൃഷ്ണന്‍ എ ഗ്രേഡ് നേട്ടം സ്വന്തമാക്കിയത്.
കുറിച്ചിത്താനം ജയകുമാറിന്റെ ശിക്ഷണത്തിലാണ് അഞ്ജന ഓട്ടന്‍തുള്ളല്‍ അഭ്യസിക്കുന്നത്. കേരളനടനം തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ എന്‍.ജി സന്തോഷ് മാഷിന്റെ കീഴിലും. പങ്കെടുത്ത രണ്ടു ഐറ്റങ്ങളിലും മികച്ച പ്രകടനമാണ് അഞ്ജന കാഴ്ചവെച്ചത്.
സഹോദരി അഞ്ജലി കൃഷ്ണയുടെ പാത പിന്തുടര്‍ന്നാണ് അഞ്ജനയുട നേട്ടവും. കലോത്സ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അഞ്ജലി. കേരളനടനം, ഓട്ടന്‍തുള്ളല്‍, ഗ്രൂപ്പ് ഡാന്‍സ്, മാര്‍ഗംകളി, എന്നിവയില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്.
പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനു കോളജ് തലത്തിലേക്കു മാറിയെങ്കലും കലയെ എന്നും അഞ്ജലി ചേര്‍ത്തു പിടിച്ചിരുന്നു. കഴിഞ്ഞ തവണ കൊല്ലത്തു നടന്ന സെന്‍ട്രല്‍ സോണ്‍ ആരോഗ്യ സര്‍വകലാശാല കലോത്സവത്തില്‍ കലാതിലക പട്ടവും അഞ്ജലി സ്വന്തമാക്കിയിരുന്നു.
കുറിച്ചിത്താനം ജയകുമാര്‍, എ.ജി. സന്തോഷ് എന്നിവരുടെ കീഴിലാണ് അഞ്ജലിയും കല അഭ്യസിക്കുന്നത്. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ബി.എസ്.സി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി. സഹോദരിയുടെ പാത അഞ്ജനയും പിന്തുടരുന്നതില്‍ സന്തോഷത്തിലാണു കുടുംബം.
പാലാ ഇടമറ്റം ചന്ദ്രവിലാസത്തില്‍ ബിജു സി.ബി. (അനുമോന്‍) യുടെയും അമ്പിളി ഗോവിന്ദന്‍റെയും മക്കളാണ് ഇരുവരും. തുടര്‍ച്ചയായി 10 വര്‍ഷത്തോളം മീനച്ചില്‍ ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്നു ബിജു സി.ബി. ബിജെപി ജില്ലാ കമ്മറ്റിയംഗവുമാണ്.