കോട്ടയം: റോഡിൽ അപകട ഭീഷണി ഉയർത്തി കാട്ടുപന്നികൾ. അപ്രതീക്ഷിതമായി വാഹനങ്ങൾക്കു മുന്നിലേക്കു ചടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് ഇതുവരെ വലിയ ദുരന്തങ്ങൾ ഉണ്ടാവാത്തതെന്നാണ് നാട്ടുകാർ പറയുന്നത്.
എരുമേലി - മുക്കൂട്ടുതറ റോഡിലാണ് കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുന്നത്. റോഡിൽ ചെമ്പകപ്പാറ വളവ് കഴിഞ്ഞുള്ള ഭാഗത്താണ് സ്ഥിരമായി കാട്ടുപന്നികളെ കണ്ടുവരുന്നത്. ഇരുചക്ര വാഹന യാത്രക്കാരാണ് കാട്ടുപന്നി കാരണം ഏറെ ബുദ്ധിമുട്ടുന്നത്.
വാഹനത്തിന് കുറുകെ പാഞ്ഞെത്തുന്ന കാട്ടുപന്നികൾ കാരണം ബൈക്ക് നിയന്ത്രണം തെറ്റി മറിയുന്നത് നിത്യസംഭവമായി മാറി.
കോട്ടയം ജില്ലയിൽ മാത്രം കാട്ടുപന്നികളുടെ സാന്നിധ്യം ഉള്ള അൻപതിലധികം സ്‌പോട്ടുകളാണ് ഉള്ളത്.
ജനങ്ങളുടെ ജീവനും കൃഷിക്കും ഏറെ ദോഷകരമായി ഇവ മാറിയിട്ടു വർഷങ്ങളായി. നാട്ടിലേക്ക് ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ ഉത്തരവുണ്ടെങ്കിലും വെടിവെക്കാൻ ലൈസൻസുള്ള തോക്കുകൾ ഉള്ള ആളെ കിട്ടാത്ത അവസ്ഥയുമുണ്ട്.