കോട്ടയം: ഇന്ത്യൻ ഭരണഘടന ഭാവിതലമുറയുടെ അഭിലാഷങ്ങൾ നിറവേറ്റാൻ കരുത്തറ്റതാണെന്ന് വിശാഖപട്ടണം ദാമോദരം സഞ്ജീവയ്യ നാഷണൽ ലോ യൂണിവേഴ്സിറ്റി വൈസ് ചൻസലർ പ്രൊ. ഡോ. സൂര്യപ്രകാശ റാവു അഭിപ്രായപ്പെട്ടു.
കാണക്കാരി സിഎസ്ഐ ലോ കോളേജിൽ 'ഇന്ത്യൻ ഭരണഘടനാ നിയമശാസ്ത്രം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ 7-ാമത് വാർഷിക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്ക് നീതി സ്വാതന്ത്ര്യം സമത്വം എന്നിവ വഴി മൗലികവകാശങ്ങൾ സംരക്ഷിക്കുന്ന ഇന്ത്യൻ ഭരണ ഘടന ലോകത്തിന് മാത്യകയാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
കാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന രുന്ന അനീതികൾക്കെതിരെ പോരാടൻ ഭരണഘടന ശക്തമായിരിക്കണം.
ജനാധിപത്യവും മതേതരത്വവും പൗരന്മാരുടെ അന്തസ്സും സാഹോദര്യവും കാത്തുസൂക്ഷിക്കാനും നമ്മുടെ ഭരണഘടനക്ക് കഴിയുന്നുണ്ട്.
ഭരണഘടന ആശയങ്ങൾ സാമൂഹിക പരിവർത്തനം കൊണ്ടുവരുന്ന രക്തമായ ഉപകരണം ആണെന്നും ഡോ. റാവു വ്യക്തമാക്കി.
കഴിഞ്ഞ 75 വർഷമായി ഇന്ത്യൻ ഭരണഘടന ഇന്ത്യൻ സമൂഹത്തെ ഒരു ചലനാത്മകമായ രാഷ്ട്രീയ, നിയമ സംവിധാനങ്ങളിലേക്കും പുരോഗമനപരമായ സാമൂഹിക ഘടനയിലേക്കും വികസിത സമ്പദ് വ്യവസ്ഥയിലേക്കും മാറ്റി.
എങ്കിലും നമ്മുടെ ഭരണഘടനാ അടിസ്ഥാനങ്ങൾക്ക് പുതിയ വെല്ലുവിളികളുണ്ടെന്ന യാഥാർത്ഥ്യം കാണാതിരുന്നുകൂടാ.
സമൂഹത്തിന്റെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് മാറുന്ന നിയമങ്ങൾ പലപ്പോഴും ഭരണ വർഗ്ഗത്തിന്റെ അധികാരം ശാശ്വതമാക്കാനുള്ള ആയുധമായി മാറുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.
സമ്മേളനം എംജി സർവകലാശാല രജിസ്ട്രാർ പ്രൊഫ. ഡോ. ബിസ്മി ഗോപാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു.
സിഎസ്ഐ മദ്ധ്യകേരള മഹായിടവക ട്രഷറർ റവ. ജിജി ജോൺ ജേക്കബ് അധ്യക്ഷത വിഹിച്ച യോഗത്തിൽ നിയമ വാർഷിക പ്രഭാഷണം, നവോമി എൻഡോവ്‌മെൻറ് അവാർഡ് എന്നിവയെക്കുറിച്ച് സിഎസ്ഐ ലോ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ ഡോ. ജോർജ് ജോസഫ് ആമുഖ പ്രഭാഷണം നടത്തി.
ലോ ജേർണലിന്റെ പ്രകാശനവും നവോമി എൻഡോവ്‌മെൻറ് അവാർഡ് സമർപ്പണവും നടന്നു. മുൻ ഗവ. പ്ലീഡർ സണ്ണി ജോർജ് ചാത്തുകുളം, കോളേജ് ബർസാർ കോശി എബ്രഹാം, വൈസ് പ്രിൻസിപ്പാൾ ഡോ. ജെസ്സി കരിങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു.