കോട്ടയം: കോടിമത മുപ്പായിക്കാട് റോഡിൽ മാലിന്യനിക്ഷേപം രൂക്ഷം. റോഡ് നിർമ്മാണത്തിന്റെ മറവിലാണ് രാത്രികാലങ്ങളിൽ മാലിന്യം തള്ളൽ രൂക്ഷമാവുന്നത്.
നഗരത്തിലും മാർക്കറ്റ് റോഡിലും മാലിന്യനീക്കം ശക്തിപ്പെടുത്തിയതോടെ അറവുമാലിന്യങ്ങളും മത്സ്യ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെ ചാക്കിലും മറ്റും അജൈവ മാലിന്യങ്ങളും ദിനംപ്രതി റോഡിന്റെ സൈഡിലേക്ക് തള്ളുകയാണ്.
ചേർത്തല ഭാഗത്തുനിന്നു ടാങ്കർ ലോറിയിൽ വരുന്ന ശുചിമുറി മാലിന്യവും ഒന്നിടവിട്ട ദിവസങ്ങളിൽ ഇവിടെ കൊണ്ടുവന്നു തള്ളുന്നുണ്ട്.നാട്ടുകാർ സംഘം ചേർന്ന് പലവട്ടം മാലിന്യ നിക്ഷേപം നടത്തിയവരെ പിടികൂടിയിരുന്നു.
എന്നാൽ അധികാരികളുടെ ഭാഗത്തുനിന്നും കാര്യമായ പ്രതികരണം ഇല്ലാതാവുന്നതോടെ മാലിന്യ നിക്ഷേപം വീണ്ടും പൂർവ്വ സ്ഥിതിയിലാവും.
ഇതിനിടയിൽ റോഡിന്റെ വശങ്ങളും ഇടിഞ്ഞ് പാടത്തേക്ക് പോകുന്നുണ്ട്. റോഡ് ഉയർത്തി യശേഷം മുപ്പായ്ക്കാട്നിന്ന് ഇതു വഴി നടന്ന് കോടിമതയിലെത്തി നഗരത്തിലേക്ക് പോയി വരുന്നവരുടെ തിരക്ക് വർധിച്ചിരുന്നു.
മാലിന്യ നിക്ഷേപം രൂക്ഷമായതോടെ പ്രദേശത്ത് അസഹ്യമായ ദുർഗന്ധം മൂലം മൂക്കു പൊത്തി പോലും നടക്കാൻ വയ്യാത്ത സ്ഥിതിയാണ്.
എംസി റോഡിൽ വാഹനങ്ങളുടെ തിരക്ക് ഗതാഗത തടസം സൃഷ്ടിക്കുമ്പോൾ ചിങ്ങവനം ഭാഗത്തേക്ക് പ്രൈവറ്റ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇപ്പോൾ വഴി തിരിഞ്ഞ് പോകുന്നതും ഈ വഴിയാണ്.
റോഡിന്റെ പ്രാധാന്യം ഇത്ര വർധിച്ചിട്ടും മാലിന്യം തള്ളുന്നതു തടയാൻ മുനിസിപ്പാലിറ്റി അധികൃതർ യാതൊന്നും ചെയ്യുന്നില്ലെന്നും നാട്ടുക്കാർ പരാതി പറയുന്നു.