കോട്ടയം: അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായുള്ള ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റുമാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍, ഇപ്പോഴും ഏറ്റുമാനൂരില്‍ ട്രെയിനുകള്‍ക്കു സ്‌റ്റോപ്പില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഏറ്റുമാനൂര്‍ വഴി പുലര്‍ച്ചെ തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന ഒരു ട്രെയിനു പോലും സ്റ്റോപ്പ് ഇല്ലാത്തതു വലിയ ഒരു പോരായ്മയായ് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കോട്ടയം റെയില്‍വേ സ്റ്റേഷന്‍ കാര്‍ പാര്‍ക്കിങ്ങ് അടക്കമുള്ള അസൗകാര്യങ്ങള്‍ക്കൊണ്ട് വീര്‍പ്പുമുട്ടുമ്പോള്‍ ഏറ്റുമാനൂരില്‍ വിശാലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്.
ഏറ്റുമാനൂരിലെ പഴയ സ്റ്റേഷന്‍ ഇപ്പോള്‍ പിറവം സെക്ഷനിലെ എന്‍ജിനീയറിങ് ഗോഡൗണ്‍ ആയി പ്രവര്‍ത്തിക്കുകയാണ്. റെയില്‍വേയ്ക്ക് ജില്ലയില്‍ കൂടുതല്‍ സ്ഥലമുള്ളതും ഇപ്പോള്‍ ഏറ്റുമാനൂരിലാണ്.
പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ കൂടുതല്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
വഞ്ചിനാട് ഏറ്റുമാനൂരില്‍ സ്‌റ്റോപ്പ അനുവദിക്കണമെന്ന് വര്‍ഷങ്ങളായി ഇവിടെ നിന്നുള്ള ട്രെയിന്‍ യാത്രക്കാരുടെ ആവശ്യമാണ്, പക്ഷേ പരിഗണിക്കുന്നില്ലെന്നു മാത്രം.
കോട്ടയത്തു നിന്നു കണക്ഷന്‍ ലഭിക്കുന്ന വിധം മെമു സര്‍വീസുകള്‍ ഇല്ലാത്തതും വഞ്ചിനാടിന്റെ സ്റ്റോപ്പ് ആവശ്യത്തിന് ആക്കം കൂട്ടുന്നു.
എം.ജി. സര്‍വകലാശാല, ഐ.സി.എച്ച്,ഐ.ടി.ഐ, അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും ഏറ്റുമാനൂര്‍ സ്റ്റേഷനെ ചുറ്റിപ്പറ്റി സ്ഥിതിചെയ്യുന്നുണ്ട്.
അതുപോലെ പാലാ, ഈരാട്ടുപേട്ട, കിടങ്ങൂര്‍, കുറവിലങ്ങാട്, പോലുള്ള ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് എളുപ്പം എത്തിച്ചേരാന്‍ സാധിക്കുന്നതും ഏറ്റുമാനൂരിന്റെ സവിശേഷതതയാണ്.
തിരുവനന്തപുരത്ത് ഓഫീസ് ആവശ്യങ്ങള്‍ക്കും ആര്‍.സി.സി പോലുള്ള ആശുപത്രികളിലേയ്ക്കും യാത്ര ചെയ്യുന്നതിനു കിലോമീറ്റര്‍ സഞ്ചരിച്ച് ഏറ്റുമാനൂര്‍ സ്റ്റേഷനും കടന്നാണ് ഈ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഇപ്പോള്‍ കോട്ടയത്തെത്തി യാത്ര ആരംഭിക്കുന്നത്.
പ്രാദേശിക ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നതിനു മുമ്പു കോട്ടയത്തെത്തിച്ചേരാന്‍ കഴിയാതെ വിഷമിക്കുന്നവരുമുണ്ട്. ഏറ്റുമാനൂരിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയാണെങ്കിൽ നിരവധി യാത്രക്കാർക്ക് പ്രയോജനം ചെയ്യും.