കോട്ടയം: തിരുനക്കര ശ്രീമഹാ ദേവക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം 15ന് കൊടിയേറി 24ന് ആറോട്ടുകൂടി സമാപിക്കും. 21ന് തിരുനക്കര പൂരം 22 ന് വലിയവിളക്ക് ദേശവിളക്കായി ആഘോഷിക്കും.
23 ന് പള്ളിവേട്ട 24 ന് ആറാട്ട് എട്ട് ദിവസം ഉത്സവബലി. അഞ്ചാം ഉത്സവം 19 മുതൽ കിഴക്കേ ഗോപുരനടയിൽ വൈകിട്ട് ശ്രീബലി പുറത്തെഴുന്നെള്ളിപ്പ്, വേലസേവ, മയൂരനൃത്തം തുടങ്ങി വിവിധങ്ങളായ ക്ഷേത്രകലകളും മറ്റ് കലാപരിപാടികളുമാണ് ഈ വർഷം ക്രമീകരിച്ചിരിക്കുന്നത്.
15ന് വൈകീട്ട് ഏഴിന് തന്ത്രി താഴ്മൺമഠം കണ്ഠരര് മോഹനരുടെ കാർമികത്വത്തിൽ കൊടിയേറ്റും. എട്ടിന് ഉദ്ഘാടന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ അധ്യക്ഷതവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.
നടൻ മനോജ് കെ.ജയൻ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ സുവനീർ പ്രകാശനം ചെയ്യും.
21ന് രാവിലെ എട്ടിന് വിവിധ ക്ഷേത്രങ്ങളിൽനിന്നുള്ള ചെറുപൂരങ്ങൾക്ക് വരവേൽപ്. വൈകീട്ട് നാലിന് പൂരത്തിൽ 22 ഗജവീരന്മാർ പങ്കെടുക്കും. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ 111ൽപരം കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം അരങ്ങേറും.
23ന് രാത്രി 12.30നാണ് പള്ളിവേട്ട എഴുന്നള്ളിപ്പ്. 24ന് രാവിലെ എട്ടിന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്, 11ന് ആറാട്ടുസദ്യ, രാത്രി രണ്ടിന് മൈതാനത്ത് ആറാട്ട് എതിരേൽപ്, അഞ്ചിന് കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികൾ.
കലാപരിപാടികളുടെ സമാപനം 8.30ന് മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.
ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ടി.സി. ഗണേഷ്, സെക്രട്ടറി അജയ് ടി. നായർ, വൈസ് പ്രസിഡന്റ് പ്രദീപ് മണക്കുന്നം, ഉത്സവകമ്മിറ്റി ജനറൽ കോഓഡിനേറ്റർ ടി.സി. രാമാനുജം, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പി.ആർ. മീര എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.