കടുത്തുരുത്തി: കേരള വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനും അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുംവേണ്ടി ഏറ്റെടുത്തിരുന്ന കടുത്തുരുത്തി - പിറവം റോഡിന്റെ പുനരുദ്ധാരണത്തിനും റീടാറിംഗിനുമായി സമര്‍പ്പിച്ചിരുന്ന ഫയല്‍ അംഗീകരിച്ചുകൊണ്ട് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഒപ്പുവച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
കേരളാ വാട്ടര്‍ അതോറിറ്റി കടുത്തുരുത്തി മുതല്‍ അറുന്നൂറ്റിമംഗലം വരെയുള്ള റോഡ് പുനരുദ്ധാരണത്തിനുവേണ്ടി 2.67 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പിലേക്ക് കൈമാറിയിരുന്നത്.
പ്രസ്തുത ഫണ്ട് വിനിയോഗിച്ച് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ധനകാര്യവകുപ്പിന്റെ അനുമതി ആവശ്യമായി വന്നു. ഇതിനുവേണ്ടിയുള്ള ഫയലില്‍ വിവിധ സാങ്കേതിക പ്രശ്‌നങ്ങള്‍ കടന്നുകൂടിയതോടെ വിവിധ വകുപ്പുകളുമായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. നേരിട്ട് ചര്‍ച്ച നടത്തി
പ്രശ്‌ന പരിഹാരം ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അന്തിമ ഫയല്‍ ധനകാര്യവകുപ്പിന്റെ പരിശോധനയ്ക്ക് സമര്‍പ്പിച്ചത്. ഇക്കാര്യം നടപ്പാക്കാവുന്നതാണെന്ന് അംഗീകരിച്ചുകൊണ്ടാണ് ധനകാര്യവകുപ്പ് മന്ത്രി ഫയലില്‍ ഒപ്പുവച്ചിരിക്കുന്നതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി.
കടുത്തുരുത്തി - പിറവം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പടുവിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് നിയമസഭാ സമ്മേളനത്തിനിടയില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍, പി.ഡബ്ല്യു.ഡി. മന്ത്രി മുഹമ്മദ് റിയാസ് എന്നിവരുമായി മോന്‍സ് ജോസഫ് എം.എല്‍.എ. ചര്‍ച്ച നടത്തി പ്രശ്‌നത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ പരമാവധി വേഗത്തില്‍ പരിഹരിക്കാന്‍ സാഹചര്യം ഉണ്ടായിരിക്കുന്നത്.
ധനകാര്യവകുപ്പില്‍ നിന്ന് റോഡ് നിര്‍മ്മാണത്തിന്റെ ഫയല്‍ എത്രയും വേഗം പി.ഡബ്ല്യു.ഡി.യിലേക്ക് അയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി.
വരുന്ന ഒരാഴ്ചക്കുള്ളില്‍ പി.ഡബ്ല്യു.ഡി.യിലെ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് സര്‍ക്കാര്‍ ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കാനുള്ള തീവ്രപരിശ്രമമാണ് നടത്തിവരുന്നതെന്ന് എം.എല്‍.എ. വ്യക്തമാക്കി.
കടുത്തുരുത്തി - പിറവം റോഡ് - അറുന്നൂറ്റിമംഗലം ജംഗ്ഷന്‍ വരെ ബി.എം. ആന്‍ഡ് ബി.സി. ടാറിംഗ് നടപ്പാക്കുന്നതിന് 2.99 കോടി രൂപ നേരത്തെ അനുവദിച്ചിട്ടുള്ള തുകയും കടുത്തുരുത്തി കൈലാസപുരം ക്ഷേത്രഭാഗത്തെ വെള്ളക്കെട്ട് പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് റോഡ് ഉയര്‍ത്തുന്നതിനും ടൈല്‍ പാകി നവീകരിക്കുന്നതിനുംവേണ്ടി ക്രമീകരിച്ചിട്ടുള്ള 18 ലക്ഷം രൂപയുടെ പ്രവര്‍ത്തിയും ഇപ്പോള്‍ ഉത്തരവിറങ്ങാന്‍ പോകുന്ന 2.67 കോടി രൂപയുടെ പുനരുദ്ധാരണ ഫണ്ടും സംയുക്തമായി നടപ്പാക്കാനുള്ള തീരുമാനമാണ് ഡിപ്പാര്‍ട്ടുമെന്റ് തലത്തില്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.