പാചകവാതക അദാലത്ത്: ഒ.ടി.പി. മുഖാന്തരം ഗ്യാസ് സിലിണ്ടർ വിതരണം നടത്തുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വിതരണരംഗത്തെ മാറ്റങ്ങൾ മുൻകൂട്ടി അറിയിക്കണം

അറിയിപ്പില്ലാതെ എൽ.പി.ജി. കണക്ഷൻ നിലവിലുള്ള ഏജൻസിയിൽനിന്ന് മറ്റ് ഏജൻസികളിലേക്ക് മാറ്റുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ അദാലത്തിൽ അവതരിപ്പിച്ചു.

New Update
gas adalath

കോട്ടയം:  പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് അദാലത്ത് നടത്തി. കളക്ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

Advertisment

ഓയിൽ കമ്പനി പ്രതിനിധികൾ, പാതകവാതക വിതരണ ഏജൻസി പ്രതിനിധികൾ, പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥർ, ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

അറിയിപ്പില്ലാതെ എൽ.പി.ജി. കണക്ഷൻ നിലവിലുള്ള ഏജൻസിയിൽനിന്ന് മറ്റ് ഏജൻസികളിലേക്ക് മാറ്റുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ അദാലത്തിൽ അവതരിപ്പിച്ചു.

ഒ.ടി.പി. മുഖാന്തരം ഗ്യാസ് സിലിണ്ടർ വിതരണം നടത്തുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യവും ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ അവതരിപ്പിച്ചു. 

എൽ.പി.ജി. മേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പത്ര-ദൃശ്യമാധ്യമങ്ങൾ വഴി പൊതുജനങ്ങളെ അറിയിച്ചശേഷമേ നടപ്പാക്കാവൂ എന്ന് യോഗം ഓയിൽ കമ്പനി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ഉപഭോക്താക്കൾക്ക് നിലവിലുള്ള ഗ്യാസ് കണക്ഷൻ സറണ്ടർ ചെയ്ത് മറ്റൊരു കമ്പനിയിൽനിന്ന് പുതിയ കണക്ഷൻ എടുക്കാവുന്നതാണെന്ന് ഓയിൽ കമ്പനി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്ത്യൻ ഓയിൽ കോർപറേഷൻ ഏജൻസികൾക്ക് ബില്ലടിച്ച് അഞ്ചു ദിവസത്തിനുള്ളിൽ സിലിണ്ടർ വിതരണം നടത്തിയില്ലെങ്കിൽ പിന്നീട് ബില്ലടിക്കാൻ സാധിക്കാതെ വരുന്നത് എൽ.പി.ജി. വിതരണത്തെ സാരമായി ബാധിക്കുമെന്ന് ഏജൻസി പ്രതിനിധികൾ പറഞ്ഞു.

അഞ്ചുദിവസമെന്ന പരിധി  10 ദിവസമായി വർധിപ്പിച്ചു നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. 

ഈ വിഷയത്തിൽ കമ്പനിക്ക് കത്ത് നൽകാൻ യോഗം നിർദേശം നൽകി. ഗ്യാസ് വിതരണ തൊഴിലാളികൾക്ക് നിർബന്ധമായും പരിശീലനം നൽകണമെന്ന് ഓയിൽ കമ്പനി പ്രതിനിധികളോട് നിർദ്ദേശിച്ചു.

മീനച്ചിൽ താലൂക്ക് (4), കാഞ്ഞിരപ്പള്ളി താലൂക്ക്(ഒന്ന്),കോട്ടയം ജില്ലാ സപ്ലൈ ആഫീസ്(ഒന്ന്) എന്നിങ്ങനെ ആറു പരാതികൾ ലഭിച്ചിരുന്നു. ഇവയ്ക്ക് താലൂക്കുതലത്തിൽ പരിഹാരം കണ്ടെത്തിയതായി ജില്ലാ സപ്ലൈ ഓഫീസർ ഇൻ ചാർജ് പി.കെ. ഷൈനി അറിയിച്ചു.