കോട്ടയം: വിഷുവിന് പടക്കങ്ങൾ ഇല്ലാതെ മലയാളിക്കെന്ത് ആഘോഷം.പടക്കം പൊട്ടിച്ച് എറിഞ്ഞ ശേഷം ഒടുന്നതിനിടെ മറിഞ്ഞു വീണ ചേട്ടന്റെ വീഡിയോ വരെ സോഷ്യമീഡയ കുത്തിപ്പൊക്കി ആഘോഷിക്കുന്നുണ്ട്.
പക്ഷേ, പടക്ക വിപണിയിൽ ഇക്കുറിയും പുതുമയോടാണ് ആളുൾക്കു താൽപര്യം. തീ കൊടുത്താൽ വായുവിൽ ഉയർന്ന് കറങ്ങി പൊട്ടുന്ന ഹെലികോപ്ടറും ഡ്രോണുമൊക്കെയാണ് ചൂടപ്പം പോലെ വിറ്റു പോകുന്നത്.
കത്തിച്ചാൽ സ്വർണ നിറത്തിലുള്ള വലിയ നാരങ്ങകൾ കൂട്ടത്തോടെ പൊഴിഞ്ഞു വീഴുന്ന പ്രതീതി ഉണ്ടാക്കുന്ന ലമൺ ട്രീയും എമുഎഗ്, ജാക്ക്‌പോട്ട്, ഗോൾഡൻ ഡക്ക്, ഗൂഗിൾ ഗലാട്ട എന്നിങ്ങനെ ആളുകളുടെ മനം കവരുന്ന പടക്കങ്ങൾ ഏറെയണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കുടുതൽ ആളുകൾ എത്തുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. വിവിധയിനങ്ങൾക്ക് 120 രൂപയിൽ തുടങ്ങി 2500 രൂപവരെയാണ് വില. ഗോൾഡൻ ഡക്ക് 450, ബക്കറ്റ് ചക്രം 150, ലോട്ടസ് 150 എന്നിങ്ങനെയാണ് വില.
ചക്രം, മത്താപ്പൂ, പൂക്കുറ്റി, പൂത്തിരി, കമ്പിത്തിരി, ഓലപ്പടക്കം, ഗുണ്ട് തുടങ്ങിയ പരമ്പരാഗത ഇനങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. 500 രൂപ മുതൽ 2500 രൂപവരെയുള്ള പടക്ക കിറ്റുകളും ആവശ്യാനുസരണം തയ്യാറാക്കി നൽകുന്നുണ്ട്.
ഇത്തരം പടക്ക കിറ്റുകൾക്കും ആവശ്യക്കാർ ഏറെയാണ്. ശിവകാശിയിൽ നിന്നാണ് പടക്കങ്ങൾ കൂടുതലായി എത്തിക്കുന്നത്. പലരും കൂട്ടായ്മയുണ്ടാക്കി ശിവകാശിയിൽ ചെന്ന് നേരിട്ടും പടക്കങ്ങൾ വാങ്ങുന്നുണ്ട്.