കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിന് മുന്നിൽ ഇന്ത്യൻ കോഫീ ഹൗസ് ഔട്ലറ്റ് അനുവദിച്ചതിനെ ചൊല്ലി വിവാദം.
അത്യാഹിത വിഭാഗത്തിനു സമീപം കുടുംബശ്രീ യൂണിറ്റ് നടത്തിയിരുന്ന കോഫി ഷോപ്പ് അടച്ചുപൂട്ടി കൊണ്ടാണ് സുപ്രണ്ട് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് ആക്ഷേപം.
നിലവിൽ ക്യാൻസർ വാർഡിനു സമീപം പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ ഹൗസിന്റെ കാലാവധി കഴിഞ്ഞിട്ട് വർഷങ്ങളായി. തത്കാലിക അനുമതിയോടെയാണ് ഹോട്ടൽ തുടർന്നു പ്രവർത്തിച്ചിരുന്നത്.
കഴിഞ്ഞ വർഷം അവസാനത്തോട് കൂടി ചെയർമാൻ കൂടിയായ കലക്ടറുടെ ചെമ്പറിൽ കൂടിയ എക്സിക്യൂട്ടീവ് യോഗത്തിൻ്റെ തീരുമാനപ്രകാരം ഇന്ത്യൻ കോഫീ ഹൗസിന്റെ പ്രവർത്തനം നിർത്തണമെന്നും യോഗ്യരായ മറ്റൊരു നല്ല ഏജൻസിയെ ഏൽപ്പിക്കണമെന്ന തീരുമാനം എടുത്തിരുന്നു.
എന്നാൽ, യോഗത്തിലെ തീരുമാനം നിലനിൽക്കെ സൂപ്രണ്ട് ഔട്ട്ലറ്റ് അനുവദിച്ചതിനെതിരെയാണ് പ്രതിഷേധം. തീരുമാനം പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷസമര പരിപാടിയിലേക്ക് കടക്കുമെന്നു യൂത്ത് കോൺഗ്രസ് സൂപ്രണ്ടിനെ അറിയിച്ചിട്ടുണ്ട്.