കോട്ടയത്ത് നല്ല ഭക്ഷണം എവിടെ കിട്ടും.തുടര്‍ച്ചയായി കോട്ടയത്തെ ഹോട്ടലുകളില്‍ മോശം ഭക്ഷണം നല്‍കുന്നു എന്നു പരാതി. പണം വാങ്ങി വയറു കേടാക്കുന്ന ഭക്ഷണം നല്‍ക്കുന്നവര്‍ സമ്പാദിക്കുന്നത് വന്‍ തുക

പരാതിക്കിടയാക്കിയ ഉമാമി ഫുഡ് കോര്‍ട്ടിനെതിരെ മുന്‍പും വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആരോപണമുണ്ട്

New Update
vaikom food poison

കോട്ടയം: കോട്ടയത്ത് നല്ല ഭക്ഷണം എവിടെ കിട്ടും.ചോദിച്ചറിഞ്ഞു മാത്രം ഭക്ഷണം കഴിക്കേണ്ട അവസ്ഥിലേക്കാണ് കാര്യങ്ങളുടെ പോക്ക്. മൂന്നാഴ്ചക്കുള്ളില്‍ കുട്ടികള്‍ ഉള്‍പ്പടെ 24 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്.

Advertisment

ഇക്കാലയളവില്‍ നിരവധി സ്ഥാപനങ്ങള്‍ക്കു നേരെ ആരോപണവും ഉയര്‍ന്നു. പക്ഷേ, കാര്യമായ നടപടിയൊന്നും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നാണ് ആക്ഷേപം.  

കച്ചവട സ്ഥാപനങ്ങള്‍ അമിത ലാഭക്കൊതിയില്‍ പണം സമ്പാദിക്കാൻ വേണ്ടി കാട്ടി കൂട്ടുന്ന ആക്രാന്തങ്ങള്‍ നിരപരാധികളായ കുഞ്ഞുങ്ങളെയും കുടുംബങ്ങളേയുമാണ് തീരാ ദുഃഖത്തിലാക്കുന്നത്.


വൈക്കം കെ.എസ്.ആര്‍.ടി.സി  ബസ് സ്റ്റേഷന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ നിന്ന് വാങ്ങിയ കേക്ക് പൂപ്പല്‍ പിടിച്ച അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. 


കസ്റ്റമര്‍ ഹെല്‍ത്തില്‍ പരാതിപ്പെട്ടത് പ്രകാരം നടത്തിയ പരിശാധനയില്‍ ഈ സ്ഥാപനത്തില്‍ നിന്ന് കൂടുതല്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചതിനെ തുടര്‍ന്ന് കട അടപ്പിച്ചിരുന്നു.

ആഴ്ചകള്‍ക്കു മുന്‍പാണ് വൈക്കം പടിഞ്ഞാറേ നടയിലെ ഹോട്ടലില്‍നിന്ന് അല്‍ഫാം കഴിച്ച 9 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതും തുടര്‍ന്ന് സി.പി.എം ഹോട്ടല്‍ അടപ്പിച്ചതും. 

പരാതിക്കിടയാക്കിയ ഉമാമി ഫുഡ് കോര്‍ട്ടിനെതിരെ മുന്‍പും വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആരോപണമുണ്ട്. ഇക്കറിയും ഹോട്ടലിനെതിരെ നടപടി ഉണ്ടാകാതെ വന്നതോടെയാണ് സി.പി.എം സമരത്തിന് ഇറങ്ങിയത്.


ദിവസങ്ങള്‍ക്കു മുന്‍പു കാഞ്ഞിരപ്പള്ളിയില്‍ കുഴിമന്തി കഴിച്ച 15 പേര്‍ക്ക് ഭക്ഷവിഷബാധയേറ്റതായി പരാതി ഉയർന്നിരുന്നു. കോട്ടയം ഇരുപത്തിയാറാം മൈലിലെ ഫാസ് എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 


പരാതിക്ക് പിന്നാലെ പഞ്ചായത്തും ആരോഗ്യവകുപ്പും ഹോട്ടലില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹെല്‍ത്ത് കാര്‍ഡില്ലാതെയാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നതെന്നും കണ്ടെത്തിയിരുന്നു. 

പല ഹോട്ടലുകള്‍ക്കെതിരെയും പരാതി ഉയര്‍ന്നാല്‍ പോലും നടപടി ഉണ്ടാകുന്നില്ലെന്നു ആക്ഷേപമുണ്ട്. ആക്ഷേപം ഉയര്‍ന്നാല്‍ സാംപിൾ  ലാബിലേക്ക് അയച്ചിരിക്കുകയാണെന്നും ഫലം വന്ന ശേഷം നടപടി ഉണ്ടാകുമെന്നും മറുപടി ലഭിക്കും.


ഫലം വരാന്‍ ആഴ്ചകളും മാസങ്ങളും കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. ഫലം വന്നാലും താക്കീതോ ചെറിയ തുകയോ പിഴയോ ഈടാക്കും. കൂടിവന്നാല്‍ ഒരാഴ്ച അടച്ചിടാന്‍ നിര്‍ദേശം നല്‍കും.


ശിക്ഷാ കാലവധി കഴിഞ്ഞ് ഇക്കൂട്ടവര്‍ വീണ്ടും പഴയതു തന്നെ ആവര്‍ത്തിക്കും. മോശം ഭക്ഷണം നല്‍കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ടു നാളുകളായെങ്കിലും നടപടി ഉണ്ടായിട്ടില്ല.