ഭക്തിയുടെ അലയടികള്‍ നിറഞ്ഞ ദിനരാത്രങ്ങള്‍ക്ക് വിട. വൈക്കം മഹാദേവ ക്ഷേത്രത്തിലെ വടക്കുപുറത്തു പാട്ട് കോടി അര്‍ച്ചനയ്ക്കു ശനിയാഴ്ച സമാപനം. അടുത്ത വടക്കുപുറത്തുപാട്ടിന് 2037 വരെ കാത്തിരിക്കണം

51 ആചാര്യന്മാര്‍ രാവിലെയും വൈകീട്ടും മന്ത്രങ്ങള്‍ ജപിച്ചപ്പോള്‍ ഭക്തരെല്ലാം കൂപ്പുകൈകളോടെ വൈക്കത്തപ്പനെ തൊഴുതുനിന്നു

New Update
vadakkupurathu pattu

വൈക്കം: ഭക്തിയുടെ അലയടികള്‍ നിറഞ്ഞ ദിനരാത്രങ്ങള്‍ക്ക് വിടനല്‍കി വൈക്കം മഹാദേവ ക്ഷേത്രത്തിലെ വടക്കുപുറത്തു പാട്ട് കോടി അര്‍ച്ചനയ്ക്ക് ഇന്നു സമാപനം. മഹാദേവ ക്ഷേത്രമുറ്റത്ത് 12 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്നതാണ് വടക്കുപുറത്തുപാട്ട്  വൈക്കം മഹാദേവക്ഷേത്രത്തില്‍ കഴിഞ്ഞ 27 ദിവസം മുഴങ്ങിക്കേട്ടത് ഒരുകോടി മന്ത്രങ്ങള്‍. 

Advertisment

51 ആചാര്യന്മാര്‍ രാവിലെയും വൈകീട്ടും മന്ത്രങ്ങള്‍ ജപിച്ചപ്പോള്‍ ഭക്തരെല്ലാം കൂപ്പുകൈകളോടെ വൈക്കത്തപ്പനെ തൊഴുതുനിന്നു. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വടക്കുപുറത്തുപാട്ടിനോടനുബന്ധിച്ചാണ് കിഴക്കേനടയിലെ വ്യാഘ്രപാദത്തറയ്ക്കു സമീപം പ്രത്യേക മണ്ഡപത്തില്‍ കോടി അര്‍ച്ചന നടത്തിയത്.


2037ലാണ് അടുത്ത വടക്കുപുറത്തുപാട്ട്. മുടങ്ങിക്കിടന്ന വടക്കുപുറത്തുപാട്ടും, കോടി അര്‍ച്ചനയും പുനരാരംഭിച്ചത് 1965 ആണ്. 


പിന്നീട് 1977, 1989, 2021, 2013ലുമാണ് വടക്കുപുറത്തുപാട്ട് നടത്തിയത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നിന് നടക്കുന്ന വലിയ ഗുരുതിയോടുകൂടി ഈ വര്‍ഷത്തെ വടക്കു പുറത്തുപാട്ട് സമാപിക്കും.

സമാപന ദിവസമായ ഇന്ന് 64 കൈകളില്‍ ആയുധം ഏന്തി വേതാളത്തിന്റെ പുറത്തിരിക്കുന്ന ദേവിയുടെ രൂപമാണ് കളത്തില്‍ എഴുതിയത്.

 ശൂലം. കുന്തം, ചക്രം, കൊടുത്തില, തോമരം വാള്‍, ഗദ, മുസലം, പാശം, വേല്‍, കലപ്പ, തോട്ടി പട്ടസം, വജ്രം, ചാട്ട, സുദര്‍ശനം, അര്‍ദ്ധചന്ദ്രം, ദ്വിശിഖാ ഗരുഡാസ്ത്രം, ദണ്ഡ് മരം, ത്രിശിഖ, വരുനാ സ്ത്രം, ചങ്ങല, നേര്‍വാള്‍, ചുരിക, കഠാര, ദാരുക വാള്‍, നാഗാസ്ത്രം, പാമ്പ്, അഡേയാസ്ത്രം, മര്‍ഗരം പാത്രം, ശിരസ്, അഗ്‌നി, താമര, വീണ, മാന്‍, മണി, ജപമാല, ഗ്രന്ഥം, വില്ല്, കുഴി താളം, കൊടിമരം, ശംഖ്, കരിമ്പ്, ഉടുക്ക് പരിച, കാഹളം കൊമ്പ്, 

കുഴല്‍, ഓടക്കുഴല്‍ പൂവ്, നാരങ്ങ, വെണ്‍ചാമരം, ആലവട്ടം, ചൊട്ട പന്തം ധൂപകുറ്റി കുത്തു വിളക്ക്, കൊടിവിളക്ക്, മൊട്ട്, കലശ കുടം, നാരായം എന്നീ ആയുധങ്ങളാണ് കൈകളില്‍ ഏന്തുന്നത്. ദേവിയുടെ ഈ രൂപം ദര്‍ശിക്കാന്‍ നാടിന്റെ നാനാ ദിക്കില്‍ നിന്നും വ്രത ശുദ്ധിയോടെ ഭക്തജനങ്ങള്‍ എത്തി.

രാത്രി ഒന്നിനു നടക്കുന്ന വലിയ ഗുരുതി പ്രധാന ചടങ്ങാണ്. ക്ഷേത്രക്കുളത്തിലേക്കുള്ള തലക്കല്ലിന് വടക്കു കിഴക്കുഭാഗത്തായാണ് ഗുരുതിക്കളം തയ്യാറാക്കുന്നത്. വടശ്ശേരി ഇല്ലക്കാര്‍ക്കാണ് ഇതിന്റെ അവകാശം. 68 ഖണ്ഡങ്ങളില്‍ പോളപദം ഉണ്ടാക്കി അതിലാണ് ഗുരുതി നടത്തുന്നത്.


വടക്കുപുറത്തുപാട്ട് സമാപിച്ചു ഏഴാം ദിവസം കാല്‍നാട്ടിയ മരം പിഴുതെടുത്ത് ക്ഷേത്രത്തിന്റെ ആള്‍ സഞ്ചാരമില്ലാത്ത ഒഴിഞ്ഞ ഭാഗത്ത് കുഴിച്ചിടും. 


പിന്നീട് വൈക്കത്തപ്പന് കാണിക്ക അര്‍പ്പിച്ച ശേഷം നടക്കുന്ന ചടങ്ങില്‍ പ്രവര്‍ത്തിച്ച എല്ലാവരും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തുകയും, ഉത്സവകാലത്ത് അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ സമസ്ത അപരാധങ്ങളും പൊറുക്കണമെന്ന് വിളിച്ചു ചൊല്ലി പ്രായശ്ചിത്തം നടത്തുകയും വടക്കുപുറത്തുപാട്ടിന് ലഭിച്ചതില്‍ ഒരു അംശം (ഒരു പറ നാണയം) കൂടാതെ താലി, മഞ്ഞള്‍, പട്ട്, ആള്‍ രൂപങ്ങള്‍ എന്നിവയും വിവിധ ദ്രവ്യ ങ്ങളും കൊടുങ്ങല്ലൂര്‍ ദേവിക്ക് സമര്‍പ്പിക്കുകയും ചെയ്യും.

വടക്കുപുറത്തുപാട്ട് കഴിഞ്ഞാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ മൂത്തേടത്തുകാവ് ഭഗവതിക്ക് നടത്തുന്ന ഗുരുതിയും അനുബന്ധ ചടങ്ങാണ്.