കോട്ടയം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അപകടകരമായി ഇടിഞ്ഞു തുടങ്ങിയ താഴത്തങ്ങാടിയില്‍ പുഴയുടെ സംരക്ഷണ ഭിത്തി നിര്‍മാണത്തിനു തുടക്കമായി. അറുപുഴ മുതല്‍ ആലുമ്മൂട് വരെയാണു നിലവില്‍ സംരക്ഷണ ഭിത്തി പണിയുന്നത്. ഈ ഭാഗത്ത് വ്യാപകമായി തീരം ഇടിഞ്ഞുകിടക്കുന്നതു ജനങ്ങള്‍ക്കു ബുദ്ധിമുട്ടായിരുന്നു. ജെ.സി.ബി. ഉപയോഗിച്ചു മണ്ണും കല്ലും മാറ്റി കരിങ്കല്‍ ഭിത്തി കെട്ടുന്ന ജോലികളാണ് ആരംഭിച്ചിരിക്കുന്നത്.
നഗരസഭാ 48ാം വാര്‍ഡ് കൗണ്‍സിലര്‍ ഷേബ മാര്‍ക്കോസ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. എടക്കാട്ടുപള്ളി മുതല്‍ അറുപുഴ വരെയുള്ള പദ്ധതിയാണു സമര്‍പ്പിച്ചിട്ടുള്ളത്. ഒന്നാംഘട്ടമായി ആലുമ്മൂട് വരെ കരിങ്കല്‍ ഭിത്തി കെട്ടും. തുടര്‍ന്നു പണം അനുവദിക്കുന്ന മുറക്ക് ബാക്കി പണികള്‍ നടത്തും.
അറുപുഴ ഭാഗത്ത് താഴത്തങ്ങാടി ബസപകടത്തിനുശേഷം കരിങ്കല്‍ ഭിത്തി കെട്ടി വാക്‌വേ പണിതിട്ടുണ്ട്. ഈ വാക്‌വേ ആലുമ്മൂട് വരെ നീട്ടും. ആറ്റു തീര സൗന്ദര്യവല്‍ക്കരണം അടുത്ത പടിയായി നടക്കും.
വള്ളംകളി കാണാന്‍ സൗകര്യവും ഒരുക്കും. സംരക്ഷണഭിത്തി കെട്ടാന്‍ കരിങ്കല്ലും തീരത്ത് അടിക്കാനുള്ള തെങ്ങിന്‍തടികളും ഇറക്കി. ജെ.സി.ബി ഉപയോഗിച്ച് തീരത്തെ മണ്ണ് നീക്കലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
മഴക്കാലത്തു നഗരസഭയുടെ 47, 48, 25 വാര്‍ഡുകളിലേക്ക് വെള്ളം തള്ളിക്കയറി വരാറുണ്ട്. ഇതൊഴിവാക്കാനും തീര സംരക്ഷണത്തിനുമാണു ഭിത്തി കെട്ടുന്നത്. എടക്കാട്ടുപള്ളി മുതല്‍ ആലുമ്മൂട് വരെ റോഡരിക് ഇടിഞ്ഞുകിടക്കുകയാണ്. അതു മൂലം ഇതുവഴിയുള്ള ബസ് സര്‍വിസും നിലച്ചു. അവിടെ വരെ സംരക്ഷണ ഭിത്തി കെട്ടിയാലേ തീരം സംരക്ഷിക്കാനാകൂ.