Advertisment

ആകാശപോരില്‍ കോണ്‍ഗ്രസും സിപിഎമ്മും നേര്‍ക്കു നേര്‍. എംഎൽഎ ഉപവാസമിരിക്കും, ജനപങ്കാളിത്തം കൊണ്ട് കളം പിടിക്കാന്‍ സി.പി.എം. കോട്ടയം നഗരത്തില്‍ കനത്ത സുരക്ഷ ഒരുക്കി പോലീസും.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
kottayam

കോട്ടയം: ആകാശപോരില്‍ കോണ്‍ഗ്രസും സിപിഎമ്മും നേര്‍ക്കു നേര്‍ എത്തും. ഉപവാസവുമായി എം.എല്‍.എയും ജനകീയ മാര്‍ച്ചുമായി സി.പി.എമ്മും  ആകാശപാതയ്ക്കു ചുവട്ടില്‍ പ്രതിഷേധിക്കും. എട്ടു വര്‍ഷമായി മുടങ്ങികിടക്കുന്ന പദ്ധതി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്നു രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ആകാശപ്പാതയ്ക്കു സമീപം ഉപവാസമിരിക്കുക.

Advertisment

ഉപവാസം കേവലം ആകാശപ്പാതയിലൊതുക്കാതെ രാഷ്ട്രീയ നേട്ടമാക്കാനുള്ള ലക്ഷ്യത്തിലാണ് യു.ഡി.എഫ്. മുന്നണിയുടെ സംസ്ഥാന നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കാന്‍ എത്തും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉപവാസ സമരം ഉദ്ഘാടനം ചെയ്യും.  കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, ഫ്രാന്‍സിസ ജോര്‍ജ് എം.പി, എം.എല്‍.എമാരായ മാണി സി. കാപ്പന്‍, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വിഷയം കത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.എമ്മും കളത്തില്‍ ഇറങ്ങിയിരിക്കുന്നത്.  ഇന്നു വൈകിട്ട് അഞ്ചിന് ആകാശപ്പാതയിലേക്ക് സി.പി.എം. ഏരിയാ കമ്മിറ്റിയാണു ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറി എ.വി. റസല്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി പ്രവര്‍ത്തക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാക്കാനുള്ള തീരുമാനത്തിലാണ് സി.പി.എം. നഗരസഭയുടെ പാതിവഴിയില്‍ നിലച്ച പദ്ധതികള്‍ക്കൊപ്പം ആകാശപ്പാതയും ഒപ്പം ചേര്‍ത്ത് തുടര്‍ പ്രക്ഷോഭ സാധ്യതകള്‍ സി.പി.എം. ആലോചിക്കുന്നുമുണ്ട്.

ഇതിനൊപ്പമാണ് യൂത്ത്ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി ഇന്നലെ ആകാശപ്പാതയിലേക്കു സമരം നടത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പ്രതിഷേധ സൂചകമായി പടവലം നട്ടുകൊണ്ടായിരുന്നു പ്രതിഷേധം. ആകാശപ്പാതയുമായി മുന്നോട്ടു പോകാന്‍ കഴിയുന്ന സാഹചര്യമല്ലെന്നു കഴിഞ്ഞ ദിവസം നിയമസഭയില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആകാശപ്പാതാ പോര് വീണ്ടും സജീമായത്. ഇന്നു കോണ്‍ഗ്രസും സി.പി.എമ്മും പ്രതിഷേധം സംഘടിപ്പിക്കുന്ന സാഹചര്യത്തില്‍ കനത്ത  പോലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

Advertisment