മഴ ശക്തം. കോട്ടയത്ത് ഓറഞ്ച് അലേര്‍ട്ട്. മീനച്ചിലാറും മൂവാറ്റുപുഴയാറും മുന്നറിയിപ്പ് നിരപ്പിന് മുകളില്‍. കുമരകം മുങ്ങുന്നു

മൂവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളിൽ അപകട മുന്നറിയിപ്പ് നിരപ്പിലേക്ക് എത്തി.

New Update
kottayam orange alert

കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ  ഇന്ന് ഓറഞ്ച് അലേർട്ട് . മീനച്ചിലാറും മൂവാറ്റുപുഴയാറും മുന്നറിയിപ്പ് നിരപ്പിലേക്ക് ഉയർന്നു.

Advertisment

മീനച്ചിലാറ്റിൽ നീലിമംഗലം, കോടിമത, നാഗമ്പടം, തിരുവാർപ്പ്, പേരൂർ എന്നിവിടങ്ങളിൽ ജലനിരപ്പ് മുന്നിറിയിപ്പ് നിരപ്പിന് മുകളിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. കുമരകത്ത് അപകട നിരപ്പിലേക്ക് വെള്ളമെത്തിയിട്ടുണ്ട്. കുമരകത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി.  

മൂവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളിൽ അപകട മുന്നറിയിപ്പ് നിരപ്പിലേക്ക് എത്തി. ഇന്നും ശക്തമായ മഴ തുടർന്നാൽ ഓറഞ്ച് അലേർട്ട് റെഡ് അലേർട്ടായി ഉയർത്തും. ജില്ലയുടെ താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളം കയറിയ അവസ്ഥയിലാണ്.

മഴ കനത്താൽ വെള്ളപ്പൊക്കം രൂക്ഷമാകുമെന്ന ഭയം ജനങ്ങൾക്കുണ്ട്. മീനച്ചിലാറ്റിൽ പേരുർ കടവിലെ ജലനിരപ്പിന്റെ അടിസ്ഥാനത്തിൽ ഇന്നലെയും പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു.

അയർക്കുന്നം മുതൽ പടിഞ്ഞാറേയ്ക്ക്, മീനച്ചിലാറിന്റെ തീരത്തുള്ള തദ്ദേശസ്ഥാപനങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. 

വിജയപുരം, തിരുവാർപ്പ്, അയ്മനം, കുമരകം, ആർപ്പൂക്കര, നീണ്ടൂർ  പഞ്ചായത്തുകളിലെയും കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലെയും നൂറുകണക്കിനു വീടുകളിൽ വെള്ളം കയറി. പലയിടങ്ങളിലും വഴിയും പുരയിടവും  തിരിച്ചറിയാൻ കഴിയാത്ത വിധം വെള്ളം കയറിക്കിടക്കുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. ജില്ലയിൽ ഇതുവരെ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.