കോട്ടയം: ചല്ലോലിയില്‍ കാര്‍ കുളത്തിലേയ്ക്ക് പതിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചത് കുടുംബത്തോടൊപ്പം അനുജനെ റാന്നിയിലെ സ്‌കൂളില്‍ ചേര്‍ത്തു മടങ്ങി വരുമ്പോള്‍.
ചെങ്ങളം ആശുപത്രിയ്ക്ക് സമീപം താമസിക്കുന്ന പാലാ പ്രവിത്താനം ചന്ദ്രന്‍കുന്നേല്‍ ജെയിംസിന്റ മകന്‍ ജെറിനാണ് മരിച്ചത്.
പിതാവ് ജെയിംസും മതാവ് ബീനയും ജെറിനും ചേര്‍ന്നാണ് സഹോദരന്‍ ഷെറിനെ റാന്നിയിലെ സ്‌കൂളില്‍ ചേര്‍ക്കാന്‍ പോയത്.
അഡ്മിഷന്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി ഷെറിനെ ഹോസ്റ്റലിലാക്കി മടങ്ങിയതാണ്. ഡ്രൈവറും ഇവരോടൊപ്പം ഉണ്ടായിരുന്നു. ബുധനാഴ്ച രാത്രി 7.30 ഓടെ പള്ളിക്കത്തോട് ആനിക്കാട് ചെല്ലോലിയിലായിരുന്നു അപകടം നടന്നത്.
ചല്ലോലിയിലെത്തിയപ്പോള്‍ വലത്തേയ്ക്ക് ഇളമ്പള്ളിയ്ക്ക് തിരിയാന്‍ ശ്രമിച്ചപ്പോള്‍ വഴി തെറ്റിയെന്നു മനസിലാക്കി പെട്ടെന്ന് ഇടത്തേയ്ക്ക് വെട്ടിച്ച് ആനിക്കാട് റോഡിലേക്ക് തിരിച്ചപ്പോളാണ് കാര്‍ റോഡരികിലെ കുടിവെള്ള കുളത്തിലേക്ക് പതിച്ചത്. ജെറിനാണ് വണ്ടി ഓടിച്ചിരുന്നത്.
കാറിനുള്ളില്‍ ജെറിന്‍ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേനാ സംഘവും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയാണ് പുറത്തെടുത്തത്. അപ്പോഴേയ്ക്കും ജെറിന്റെ ജീവന്‍ നഷ്ടമായിരുന്നു.
ജെറിൻ്റെ സംസ്കാരം വെള്ളിയാഴ്ച പ്രവിത്താനം പള്ളിയിൽ.