കോട്ടയം: കുറവിലങ്ങാട് വെമ്പള്ളിയില്‍ ഹോട്ടലിനു മുന്നില്‍ നിര്‍ത്തിയ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ടിറങ്ങി സമീപത്തെ ചതുപ്പില്‍ ഇടിച്ചു നിന്നു.
ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാരിക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പരുക്കേറ്റു. കോട്ടയം സ്വദേശിനിയായ യാത്രക്കാരിയാണ് അത്ഭുതകരമായി രക്ഷപെട്ടത്.
തിങ്കളാഴ്ച രാത്രി 10.15 ഓടെ കുറവിലങ്ങാട് വെമ്പള്ളിയിലെ ഹോട്ടലിനു മുന്നിലായിരുന്നു അപകടം. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ സ്വിഫ്റ്റ് സര്‍വീസില്‍ ഉള്‍പ്പെട്ട പുതിയ മാര്‍ക്കോപോളോ ബസ്.
ബസ് യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനായി വെമ്പള്ളിയ്ക്കു സമീപത്തെ ഹോട്ടലില്‍ നിര്‍ത്തുകയായിരുന്നു. ഈ ഹോട്ടലിനു മുന്നില്‍ ബസ് നിര്‍ത്തിയ ശേഷം ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ഭക്ഷണം കഴിക്കാനായി പോയി.
എന്നാല്‍, കോട്ടയത്ത് ഇറങ്ങേണ്ടതിനാല്‍ യാത്രക്കാരി ബസിനുള്ളില്‍ തന്നെ ഇരുന്നു. ഈ സമയത്താണ് ബസ് തനിയെ മുന്നോട്ട് നിരങ്ങി നീങ്ങിയത്. തുടര്‍ന്ന് സമീപത്തെ ചതുപ്പില്‍ ചാടി നില്‍ക്കുകയായിരുന്നു. ബസ് മുന്നോട്ട് നീങ്ങുന്നത് കണ്ട് രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ വീണാണ് ഇവര്‍ക്ക് പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ല.