കോട്ടയം: വിദ്യാര്‍ഥികളില്‍ സമ്പൂര്‍ണ നീന്തല്‍ സാക്ഷരത ഉറപ്പാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കോളജ് വിദ്യാഭ്യാസത്തിനൊപ്പം നീന്തല്‍ പരിശീലനം നല്‍കാനൊരുങ്ങി ബി.സി.എം കോളജ്. ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന തോപ്പന്‍സ് അക്വാറ്റിക്‌സ് നീന്തല്‍ പരിശീലന കേന്ദ്രവുമായി സഹകരിച്ചാണ് 'ഷീ സ്വിമ്മിങ്' എന്ന പദ്ധതി നടപ്പാക്കുന്നത്.
പരിപാടി ഇന്ന് 2.30ന് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ ഭാഗമായി കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും വിവിധ ബാച്ചുകളായി തിരിച്ച് ദിവസവും 2.30 മുതല്‍ 4 വരെ നീന്തല്‍ പരിശീലനം നല്‍കും.
ഇതിനായി വിദ്യാര്‍ഥികളില്‍ നിന്നു ചെറിയ ഫീസ് ഈടാക്കും. പദ്ധതിയുമായി സഹകരിക്കാന്‍ മാതാപി താക്കള്‍ പൂര്‍ണ സന്നദ്ധത അറിയിച്ചതായി കോളജ് അധികൃതര്‍ വ്യക്തമാക്കുന്നു.