പാലാ: ആരോഗ്യമന്ത്രി എത്തും മുന്‍പ് കാലേകൂട്ടി തട്ടിക്കൂട്ട് ഉദ്ഘാടനം നടത്തി ക്രെഡിറ്റ് അടിച്ചുമാറ്റാനുള്ള നീക്കവുമായി മാണി സി കാപ്പന്‍ എംഎല്‍എ. മീനച്ചില്‍ പഞ്ചായത്ത് കിഴപറയാര്‍ കുടുംബ ആരോഗ്യകേന്ദ്രത്തിന്‍റെ പുതിയ ഒ.പി ബ്ലോക്കിന്‍റെ ഉദ്ഘാടനമാണ് എംഎല്‍എയും പഞ്ചായത്തും തമ്മിലുള്ള കൊമ്പുകോര്‍ക്കലില്‍ എത്തിയിരിക്കുന്നത്.
എംഎല്‍എ ഫണ്ടുപയോഗിച്ചാണ് ഒ.പി ബ്ലോക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇവിടേയ്ക്ക് ആവശ്യമായ ഫര്‍ണിച്ചര്‍ നല്‍കിയത് ഗ്രാമപഞ്ചായത്തുമാണ്.
ഒ.പി ബ്ലോക്ക് നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ഉദ്ഘാടനത്തിനുള്ള ക്രമീകരണങ്ങള്‍ പഞ്ചായത്ത് ആരംഭിച്ചു. ഇക്കാര്യം എംഎല്‍എയേയും അറിയിച്ചു. എംഎല്‍എയുടെ അധ്യക്ഷതയില്‍ ആരോഗ്യമന്ത്രിയെ എത്തിച്ച് ഉദ്ഘാടനം നടത്താനായിരുന്നു പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചത്.
/filters:format(webp)/sathyam/media/media_files/XZpm10GMxLhCgZBvZALc.jpg)
ഇതുപ്രകാരം മന്ത്രിയെ ക്ഷണിക്കുകയും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനു ശേഷം തീയതി നിശ്ചയിക്കാമെന്ന് ഉറപ്പും നല്‍കിയിരുന്നതാണ്. എന്നാല്‍ അതിനിടയില്‍ പഞ്ചായത്തിനെ അറിയിക്കാതെ തിരക്കിട്ട് ഉദ്ഘാടനം നടത്താനുള്ള നീക്കമാണ് മാണി സി കാപ്പന്‍ നടത്തിയത്.
എല്ലാം തനിക്കുതന്നെ ഉദ്ഘാടനം നടത്തണം, തന്‍റെ ഫോട്ടോ വരണം എന്ന എംഎല്‍എയുടെ വാശിയാണ് ഇതോടെ ആശുപത്രി കെട്ടിട ഉദ്ഘാടനത്തിന്‍റെ ശോഭ കെടുത്തിയിരിക്കുന്നത്. മന്ത്രി എത്തുമ്പോള്‍ കൂടുതല്‍ പദ്ധതികള്‍ക്കായി നിവേദനം നല്‍കാനുള്ള പഞ്ചായത്തിന്‍റെ പദ്ധതിയാണ് ഇതോടെ നഷ്ടമാകുന്നത്.
ഇതോടെ ചടങ്ങ് ബഹിഷ്കരിക്കാനാണ് ഗ്രാമപഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനം. എംഎല്‍എയുടെ ഉദ്ഘാടന പ്രഹസനവുമായി സഹകരിക്കേണ്ടതില്ലെന്ന് പഞ്ചായത്ത് കമ്മറ്റി പിഎച്ച്സിയുടെ ചുമതലയുള്ള ഡോക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.