കോട്ടയം: ചിറക്കടവിലും മണിമലയിലും ആഫിക്കന്‍ ഒച്ചിന്റെ ശല്യാത്തല്‍ പൊറുതിമുട്ടി ജനം.
ചിറക്കടവ് പഞ്ചായത്തില്‍ 14ാം വാര്‍ഡ് കൊട്ടാടിക്കുന്ന്, 15ാം വാര്‍ഡ് ചെന്നാക്കുന്ന് പ്രദേശങ്ങളിലും മണിമല പഞ്ചായത്തില്‍ മണിമലയാറിന്റെ തീരങ്ങളിലും 3ാം വാര്‍ഡിലുമാണ് ഒച്ചുകളുടെ ശല്യമുള്ളത്.
മഴക്കാലത്ത് ഇവയുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുണ്ട്.
ഈര്‍പ്പമുള്ള ജൈവാവശിഷ്ടങ്ങള്‍ കൂടിക്കിടക്കുന്ന സ്ഥലത്തും മരങ്ങള്‍ തിങ്ങി നിറഞ്ഞ് സൂര്യപ്രകാശം കടക്കാത്ത സ്ഥലങ്ങളിലുമാണ് ഇവയെ കൂടുതലായി കാണുന്നത്.
വാഴ, ഇഞ്ചി, മഞ്ഞള്‍, ചേമ്പ്, കാബേജ്, കോളിഫ്‌ലവര്‍ തുടങ്ങിയ വിളകളെയാണ് ഇവ നശിപ്പിക്കുന്നത്.
ആഫ്രിക്കന്‍ ഒച്ചിന്റെ ശരീരത്തിലുള്ള നിമാ വിര മനുഷ്യരില്‍ മെനിഞ്ചൈറ്റിസ് രോഗം ഉണ്ടാക്കാന്‍ സാധ്യതയുള്ളതായി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
അതിനാല്‍ ഇവയെ കൈകാര്യം ചെയ്യുമ്പോള്‍ ഇവയുടെ സ്രവം ശരീരത്തില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു.
കുട്ടികള്‍ ഇവയെ എടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ പഞ്ചായത്തും കൃഷിഭവനും ചേര്‍ന്നു നിയന്ത്രണ നടപടികള്‍ ആരംഭിച്ചു.
ഒച്ചിന്റെ ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ ഇവയെ കെണിവച്ചു പിടിച്ചു നശിപ്പിക്കാനും അധികൃതര്‍ നിര്‍ദേശിക്കുന്നു. ഇതിനുള്ള മാര്‍ഗങ്ങളും കൃഷി വിജ്ഞാന കേന്ദ്രം കൃഷി ഭവനുകള്‍ മുഖേന നല്‍കുന്നുണ്ട്.
വീട്ടുപരിസരത്തു ചപ്പുചവറുകള്‍ കൂട്ടിയിടാതിരിക്കാന്‍ ശ്രദ്ധിക്കുക, ഈര്‍പ്പമുള്ള അടിക്കാടുകള്‍ വെട്ടി കളകള്‍ നശിപ്പിക്കുക.
30 ഗ്രാം പുകയില ഒന്നര ലീറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച ശേഷം തണുപ്പിച്ച് കുറുക്കി ഒരു ലീറ്ററാക്കുക.
60 ഗ്രാം തുരിശ് ഒരു ലീറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. തുരിശ് ലായനി പുകയില ലായനിയില്‍ ചേര്‍ത്തിളക്കി യോജിപ്പിച്ച് ഒച്ചുകളെ കാണപ്പെടുന്ന മരത്തടികള്‍, മതില്‍, ചുമര്‍ എന്നിവിടങ്ങളില്‍ തളിച്ചു കൊടുക്കാം.
നനഞ്ഞ ചണച്ചാക്കുകളില്‍ പപ്പായത്തുണ്ട്, കാബേജ്, കോളിഫ്‌ലവര്‍, മുരിങ്ങയില എന്നിവ ഒരു ദിവസം വച്ച് പുളിപ്പിച്ച ശേഷം കെണിയായി വയ്ക്കുക.
ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടു വരുന്ന ഒച്ചിനെ 20 % വീര്യമുള്ള (200 ഗ്രാം ഉപ്പ് ഒരു ലീറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി) ഉപ്പു ലായനിയില്‍ ഇട്ടു കൊല്ലാമെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.