രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ ബിരുദദാന ചടങ്ങിൽ ചെണ്ടമേളം നയിച്ച് കോളേജ് അധ്യാപകൻ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
mar augusthinose college graduation cerimoney

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ ബിരുദധാന ചടങ്ങിന്റെ ഘോഷയാത്രയിൽ ചെണ്ടമേളം നയിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് പ്രചോദനമായി മാറി കൊമേഴ്സ് വിഭാഗം അധ്യാപകൻ സുമേഷ് മാരാർ. അധ്യാപകവൃത്തിക്കൊപ്പം തനിക്ക് പാരമ്പര്യമായി ലഭിച്ച കലാസപര്യയെ വിദ്യാർത്ഥികളുടെ മുന്നിൽ അഭിമാനത്തോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

Advertisment

രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ തുടർച്ചയായി നൂറുവർഷത്തിന് മുകളിൽ സോപാന അർച്ചന നടത്താൻ ഭാഗ്യം ലഭിച്ച സുപ്രസിദ്ധ സോപാന സംഗീതകലാകാരൻ പദ്മനാഭമാരാരുടെ കൊച്ചുമകനാണ് സുമേഷ്.

മുത്തച്ഛനുശേഷം ക്ഷേത്രത്തിലെ പാരമ്പര്യ വാദ്യജോലികൾ തുടർന്ന് കൊണ്ടുപോകാൻ കോളേജ് അദ്ധ്യാപനത്തോടൊപ്പം അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. നിരവധിക്ഷേത്രങ്ങളിൽ മേളവും, പഞ്ചവാദ്യവും അവതരിപ്പിച്ചിട്ടുള്ള ഇദ്ദേഹം രാമപുരം ക്ഷേത്രത്തിൽ പ്രവർത്തിക്കുന്ന പദ്മനാഭ മാരാർ സ്മാരക ക്ഷേത്ര വാദ്യകലാപഠന ഗവേക്ഷണ കേന്ദ്രത്തിന്റെ ചുമതലക്കാരൻ കൂടിയാണ്.

ഈ വാദ്യകലാകേന്ദ്രത്തിൽ നിന്നും നിരവധി വിദ്ധ്യാർത്ഥികൾ എല്ലാവർഷവും വാദ്യകല അഭ്യസിച്ച് അരങ്ങേറുന്നു. ചെണ്ടമേളം, പഞ്ചവാദ്യം, കളമെഴുത്തുംപാട്ട് എന്നീമേഖലകൾകൂടാതെ ധാരാളം പാട്ടുകളും എഴുതി പ്രശസ്തനായിട്ടുണ്ട്.

കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ വിശിഷ്ട അതിഥിയായിരുന്ന കേരളത്തിലെ കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. ജി ഗോപകുമാർ അദ്ദേഹത്തിന്റെ സമാനതകൾ ഇല്ലാത്ത പ്രവർത്തിയെ മുക്തഖണ്ഡം പ്രശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ ആശംസകൾ നേർന്നു.

Advertisment