മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ആണ്ടൂര്‍ സ്പിന്നിംഗ് മില്ലിന്‍റെ ഉടമസ്ഥതയിലുള്ള തരിശു ഭൂമി കൃഷിക്ക് വിട്ടു കൊടുക്കണം - കേരള കര്‍ഷക സംഘം മരങ്ങാട്ടുപിള്ളി മേഖലാ സമ്മേളനം

New Update
kerala karshaka sangham-2

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ആണ്ടൂര്‍ സ്പിന്നിംഗ് മില്ലിന്‍റെ ഉടമസ്ഥതയിലുള്ള ഏഴേക്കറിലധികം വരുന്ന കാടുപിടിച്ച തരിശുഭൂമിയില്‍ കൃഷി ചെയ്യാന്‍ അനുവദിക്കണമെന്ന് കേരള കര്‍ഷക സംഘം മരങ്ങാട്ടുപിള്ളി മേഖലാ സമ്മേളനം അധികൃതരോട് അഭ്യര്‍ത്ഥിച്ചു.

Advertisment

പതിറ്റാണ്ടുകള്‍ക്കു മുമ്പ് സ്പിന്നിംഗ് മില്ല് സ്ഥാപിക്കാനെന്ന പേരില്‍ ഏറ്റെടുത്ത പത്തേക്കര്‍ ഭൂമിയില്‍ നഴ്സിംഗ് കോളജിന് നേരത്തെ വിട്ടു നല്‍കിയ മൂന്നേക്കര്‍ ഒഴികെയുള്ള സ്ഥലം നിലവില്‍ വര്‍ഷങ്ങളായി കാടുകയറി ആരെയും കൃഷി ചെയ്യാന്‍ അനുവദിക്കാതെ, ക്ഷുദ്ര ജീവികളുടെ വിഹാര കേന്ദമായി മാറിയതിനു പുറമെ, സാമൂഹ്യ വിരുദ്ധരുടെയും മയക്കുമരുന്നു മാഫിയകളുടെയും താവളമായി തീര്‍ന്നിരിക്കുന്നു എന്ന പരാതി വ്യാപകമാണ്.

സമീപവാസികള്‍ക്കു കൂടി ഇത് തലവേദന സൃഷ്ടിക്കുകയാണ്. സര്‍ക്കാരിന്‍റെ കീഴില്‍ താല്‍ക്കാലികമായി രൂപീകരിക്കപ്പെട്ട മേല്‍നോട്ട സമിതി പ്രവര്‍ത്തനരഹിതവുമായതിനാല്‍ ഇവിടം നാഥനില്ലാ കളരിയായി തീര്‍ന്നിരിക്കുന്നു.

ഈ  സാഹചര്യത്തില്‍  കൃഷിവകുപ്പ് ഇടപെട്ട് സ്ഥലത്ത് കൃഷി സൗകര്യം ഒരുക്കി ഉപയോഗ യോഗ്യമാക്കണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. 

kerala karshaka sangham

കര്‍ഷക സംഘം മേഖലാ പ്രസിഡന്‍റ് കെ.കെ.നാരായണന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം പി.എന്‍.ബിനു ഉത്ഘാടനം ചെയ്തു. സെക്രട്ടറി എ.തുളസീദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഏരിയാ സെക്രട്ടറി വി.ജി.വിജയകുമാര്‍, വെെസ് പ്രസിഡന്‍റ് എ.എസ് ചന്ദ്രമോഹനന്‍, സിപിഐഎം ലോക്കല്‍ സെക്രട്ടറി കെ.ഡി ബിനീഷ്, എസ്.പി രാജ്മോഹന്‍, സി.വി ജോര്‍ജ്, എ.ആര്‍ തമ്പി, ഇ.ഡി സണ്ണി, ബിനീഷ് ഭാസ്ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി കെ.കെ നാരായണന്‍ (പസിഡന്‍റ്), എസ്.പി രാജ്മോഹന്‍ (വെെസ് പ്രസിഡന്‍റ്), എ തുളസീദാസ് (സെക്രട്ടറി), സി.വി ജോര്‍ജ്, ഉഷ ഹരിദാസ് (ജോ.സെക്രട്ടറിമാര്‍), എ.ആര്‍ തമ്പി (ട്രഷറര്‍) എന്നിവരടങ്ങുന്ന 15 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.

Advertisment