കാട്ടിക്കുന്ന്/വൈക്കം: ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിന് എതിരെയും, ലഹരിവസ്തുക്കൾ ഉപയോഗിച്ചാൽ ഉണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കാൻ കാട്ടിക്കുന്ന് പബ്ലിക് സ്കൂൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ലഹരി ഉപയോഗിക്കുന്നവരുടെ ആയുസ്സും ആരോഗ്യവും നശിപ്പിക്കുന്ന ലഹരി വസ്തുക്കൾ രാജ്യത്ത് ലഭ്യമാക്കാതിരിക്കുക എന്നതിനാണ് നമ്മൾ ഓരോരുത്തരും പ്രാധാന്യം കൊടുക്കേണ്ടതെന്ന് ലഹരി വിരുദ്ധ ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രിൻസിപ്പൽ മായ ജഗൻ പറഞ്ഞു.
നാളത്തെ ലോകത്തിന്റെ വാഗ്ദാനമാകേണ്ട കുരുന്നുകളെ പോലും ലഹരിയുടെ കരങ്ങളിലേക്ക് ആകർഷിക്കുന്നത് ഏറെ വിഷമമുണ്ടാക്കുന്നുണ്ടെന്നും, വരും തലമുറയുടെ ജ്ഞാന ശക്തിയും, ക്രിയാ ശക്തിയും ഇച്ഛാശക്തിയും വേരോടെ ഇല്ലാതാക്കാൻ കഴിയുന്ന ലഹരിവസ്തുക്കൾ കുട്ടികൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് മാതാപിതാക്കളും അദ്ധ്യാപകരും നിയമപാലകരും ഒക്കെ ചേർന്ന സമൂഹമാണെന്നും, സഹപാഠികളും ഈ വിഷയത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട് എന്നും അവർ പ്രസംഗത്തിൽ സൂചിപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2025/06/30/kattikunnu-school-anti-drug-day-2-2025-06-30-14-42-02.jpg)
ഞാൻ ലഹരി ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനം ഓരോരുത്തരും മനസ്സിൽ ആവർത്തിച്ച് ആവർത്തിച്ച് ഉറപ്പിച്ചാൽ ലഹരിയെ രാജ്യത്തുനിന്നും ആട്ടിപ്പായിക്കാം എന്ന് മായ ജഗൻ പ്രത്യാശിച്ചു.
ലഹരിവിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ ലഹരിവിരുദ്ധ റാലിയും, ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.
/filters:format(webp)/sathyam/media/media_files/2025/06/30/kattikunnu-school-anti-grug-day-2025-06-30-14-42-02.jpg)
ചെമ്പ് ഗ്രാമ പഞ്ചായത്ത് ഹരിതമിത്രം പദ്ധതിയോടനുബന്ധിച്ച്, മികച്ച വ്യാപാരേതര സ്ഥാപനത്തിനുള്ള ഉപഹാരം പ്രിൻസിപ്പാൾ മായ ജഗന് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ നിഷാ വിജു സമ്മാനിച്ചു.
വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ ലഹരി വിരുദ്ധ പരിപാടികൾ ലഹരി വിരുദ്ധ ദിനത്തിന് ഉത്സവച്ഛായ പകർന്നു.